വാഹനത്തിന്റെ വേഗത ഒരേ നിലയില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ക്രൂയിസ് കണ്ട്രോള് സംവിധാനം തകരാറിലായി. ഇതോടെ വേഗത കുറയ്ക്കാന്‍ കഴിയാതെ വന്നതോടെ അതേ സ്പീഡില്‍ തന്നെ വാഹനം മുന്നോട്ട് കുതിക്കാന്‍ തുടങ്ങി.
ഉമ്മുല്‍ ഖുവൈന്‍: അതിവേഗത്തില്‍ സഞ്ചരിക്കവെ വാഹനത്തിന്റെ ക്രൂയിസ് കണ്ട്രോള് സംവിധാനം തകരാറിലായി വേഗതം കുറയ്ക്കാന്‍ കഴിയാതെ വന്നാല്‍ എന്ത് സംഭവിക്കും? വലിയൊരു ദുരന്തത്തില്‍ നിന്ന് അതിസാഹസികമായാണ് കഴിഞ്ഞ ദിവസം യുഎഇയിലെ ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റില്‍ ഒരു യുവതിയെ പൊലീസ് രക്ഷിച്ചത്.
ശൈഖ് സായിദ് റോഡില്‍ റാസല്‍ ഖൈമയിലേക്ക് യാത്ര ചെയ്യവെയാണ് വാഹനത്തിന് തകരാറ് സംഭവിച്ചത്. വാഹനത്തിന്റെ വേഗത ഒരേ നിലയില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ക്രൂയിസ് കണ്ട്രോള് സംവിധാനം തകരാറിലായി. ഇതോടെ വേഗത കുറയ്ക്കാന്‍ കഴിയാതെ വന്നതോടെ അതേ സ്പീഡില്‍ തന്നെ വാഹനം മുന്നോട്ട് കുതിക്കാന്‍ തുടങ്ങി. ന്യൂട്രല്‍ ഗിയറിലേക്ക് വാഹനം മാറ്റിയിട്ടും രക്ഷയില്ലാതെ വന്നതോടെ യുവതി ഉടന്‍ തന്നെ ട്രാഫിക് പൊലീസിനെ വിവരം അറിയിച്ചു.
രാത്രി 10.20നാണ് പൊലീസിന് ഫോണ്‍ വിളിയെത്തിയത്. വാഹനത്തിന്റെ വേഗത കുറയ്ക്കാന്‍ കഴിയുന്നില്ലെന്നും അടിയന്തരമായി സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. യുവതിയോടെ വാഹനത്തിലെ ഹസാര്‍ഡ് ലൈറ്റ് ഓണ്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെ ഉടന്‍ തന്നെ ഈ റോഡിലേക്ക് ഇരച്ചെത്തിയ പൊലീസ് സംഘം മറ്റ് വാഹനങ്ങളെ വഴിയില്‍ നിന്ന് മാറ്റാണ് ആദ്യം പരിശ്രമിച്ചത്. ഇതേസമയം തന്നെ യുവതിക്ക് ഫോണിലൂടെ ആവശ്യമായ നിര്‍ദ്ദേശങ്ങളും നല്കി. വാഹനം ന്യൂട്രലില്‍ തന്നെ നിലനിര്‍ത്തണമെന്നും സ്റ്റിയറിങ് വീലില്‍ ശക്തിയോടെ പിടിച്ച് വാഹനം നിയന്ത്രിക്കാന്‍ ശ്രമിക്കാനും പൊലീസ് നിര്‍ദ്ദേശിച്ചു. ഒരു പൊലീസ് വാഹനം യുവതിയുടെ കാറിനെ ഓവര്‍ടേക്ക് ചെയ്ത് തൊട്ട് മുന്നിലെത്തിയ ശേഷം ഇതില്‍ പതുക്കെ വേഗത കുറയ്ക്കുകയായിരുന്നു. പൊലീസ് വാഹനത്തില്‍ ഇടിച്ച് കാര്‍ സാവധാനത്തില്‍ വേഗത കുറച്ച് നിര്‍ത്തുകയും ചെയ്തു.
വാഹനത്തില്‍ നിന്ന് യുവതിയെ പുറത്തിറക്കി ആവശ്യമയ പ്രാഥമിക ശുശ്രൂഷയും പൊലീസ് നല്കി. പൊലീസിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചതുകൊണ്ട് ഒരു പരിക്കും സംഭവിക്കാതെ സുരക്ഷിതമായി വാഹനം നിര്‍ത്താന്‍ കഴിഞ്ഞുവെന്ന് ഉമ്മുല്‍ ഖുവൈന്‍ പൊലീസ് ഓപ്പറേഷന്‍സ് വിഭാഗം മേധാവി ലഫ്. കേണല്‍ സുല്‍ത്താന്‍ അബ്ദുല്ല ബിന്‍ യൂഖ പറഞ്ഞു.
