മനാമ:  കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈനില്‍ ഇന്ത്യന്‍ സ്ഥാനപതിയെ ഉടന്‍ നിയമിക്കണമെന്നാവശ്യം. സ്ഥാനപതിയായിരുന്ന അലോക് കുമാര്‍ സിന്‍ഹ വിരമിച്ചതിന് ശേഷം രണ്ടരമാസമായി ഈ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. പ്രവാസികള്‍ക്ക് എംബസിയുടെ സഹായം ഏറ്റവും ആവശ്യമുള്ള സന്ദര്‍ഭമായതിനാല്‍ അംബാസഡറുടെ സാന്നിദ്ധ്യം അനിവാര്യമായിരിക്കുകയാണെന്ന് പ്രവാസി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 

ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന 900 ത്തോളം പ്രവാസിത്തൊഴിലാളികള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. ഇതില്‍ വലിയൊരു ശതമാനം ഇന്ത്യക്കാരാണ്. സാമൂഹിക അകലം പാലിക്കാന്‍ പറ്റാത്ത താമസസ്ഥലത്തെ സാഹചര്യങ്ങളാണ് തൊഴിലാളികള്‍ക്കിടയില്‍ വൈറസ് പരക്കാന്‍ കാരണമെന്ന് ബഹ്‌റൈന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇത്തരം സാഹചര്യത്തില്‍ താമസിക്കുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കാന്‍ ഇന്ത്യന്‍ എംബസി മുന്‍കൈയെടുത്താല്‍ കഴിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

ഇന്ത്യക്കാരുടെ തന്നെ വിവിധ സ്ഥാപനങ്ങളില്‍ തൊഴിലാളികളെ പാര്‍പ്പിക്കാന്‍ അനുമതി തേടുന്നതുള്‍പ്പെടെയുളള കാര്യങ്ങള്‍ ബഹ്‌റൈന്‍ അധികൃതരുമായി ചര്‍ച്ച ചെയ്യാനും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും അംബാസഡറെ ഉടന്‍ നിയമിക്കണമെന്നാണവശ്യം. നിയന്ത്രണങ്ങളുള്ളതിനാല്‍ ഇന്ത്യന്‍ തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താനും പരിമിതികളുണ്ടെന്നാണ് സംഘടനകള്‍ പറയുന്നത്. നേതൃത്വം വഹിക്കാന്‍ അംബാഡറുണ്ടായിരുന്നെങ്കില്‍ ഇത്തരം കാര്യങ്ങള്‍ എളുപ്പം ചെയ്യാനാകുമെന്ന് പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ പറഞ്ഞു. 

പ്രവാസികള്‍ക്കായി ഉപയോഗിക്കേണ്ട ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ (ഐ.സി.ഡബ്യൂ.എഫ്) നിന്ന് ഭക്ഷണവും മരുന്നും വിതരണം ചെയ്യാന്‍ ഉത്തരവുണ്ടാകണമെന്നും ആവശ്യമുണ്ട്. പാസ്‌പോര്‍ട്ട്, അറ്റസ്‌റ്റേഷന്‍ സേവനങ്ങള്‍ക്കുളള ഫീസിനൊപ്പം ഒരു ബഹ്‌റൈന്‍ ദീനാര്‍ വീതം പ്രവാസികള്‍ ഐ.സി.ഡബ്യൂ.എഫിലേക്ക് നല്‍കുന്നുണ്ട്. ഒരു വര്‍ഷം ഏതാണ്ട് ഒരു ലക്ഷം ബഹ്‌റൈന്‍ ദീനാറോളം (രണ്ട് കോടിയോളം രൂപ) ഫണ്ടിലെത്തുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ അര്‍ഹരായ പ്രവാസികള്‍ക്ക് ടിക്കറ്റ്, ഭക്ഷണം, മരുന്ന് തുടങ്ങിയ നല്‍കാന്‍ ഈ ഫണ്ട് ഉപയോഗിക്കണമെന്നാണാവശ്യം.  ഇത്തരം ആവശ്യങ്ങള്‍ കേള്‍ക്കാനും നടപടിയെടുക്കാനും അംബാഡറില്ലാത്തത് പ്രവാസികളെ ബാധിക്കുന്നുണ്ടെന്ന് ലോക കേരളസഭാംഗം സി.വി.നാരായണന്‍ പറഞ്ഞു. 

പ്രതിസന്ധി ഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അംബാഡറുടെ സാന്നിദ്ധ്യം പ്രയോജനപ്പടുമായിരുന്നെന്ന് സംസ്‌കൃതി ജനറല്‍ സെക്രട്ടറി പ്രവീണ്‍ നായര്‍ അഭിപ്രായപ്പെട്ടു. ഇതര ജി.സി.സി രാജ്യങ്ങളിള്‍ അംബാസഡര്‍മാര്‍ മുന്‍കൈയെടുത്ത് ഇന്ത്യക്കാരായ ആരോഗ്യ പ്രവര്‍ത്തകരുടെ ടീം ഉണ്ടാക്കിയിരുന്നു. അത്തരമൊരു നടപടിയും ബഹ്‌റൈനില്‍ ഉണ്ടായിട്ടില്ല. ഏറ്റവും ചുരുങ്ങിയത് തൊട്ടടുത്തുള്ള ജി.സി.സി രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസഡര്‍മാരിലൊരാള്‍ക്ക് ബഹ്‌റൈന്റെ ചുമതലയെങ്കിലും നല്‍കണമെന്ന് ഒ.ഐ.സി.ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു. അംബാസഡറില്ലാത്തതിനാല്‍ പ്രവര്‍ത്തനങ്ങളുടെ ശരിയായ ഏകോപനം നടക്കുന്നില്ലെന്ന് കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാനും അഭിപ്രായപ്പെട്ടു.