ദുബായ്: ജനത്തിരക്കേറിയ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അപ്രതീക്ഷിതമായി വൈദ്യുതി നിലച്ചു. വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലിലാണ് തിങ്കളാഴ്ച അര മണിക്കൂറോളം വൈദ്യുതി മുടങ്ങിയത്. എന്നാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തില്‍ കാര്യമായ തടസമൊന്നും നേരിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

രാവിലെ 11.04നാണ് അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാങ്കേതിക തകരാറുണ്ടായതായി സ്ഥിരീകരിച്ച വിമാനത്താവള അധികൃതര്‍ 30 മിനിറ്റിനകം അവ പരിഹരിച്ചെന്നും അറിയിച്ചു. എന്നാല്‍ വിമാനത്താവളത്തിലെ ചില എ.സി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാതിരുന്നതോടെ വിയര്‍ത്തുകുളിച്ചെന്ന് ചില ജീവനക്കാരും യാത്രക്കാരും പറഞ്ഞു.

1960ല്‍ ആരംഭിച്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഇപ്പോള്‍ പ്രതിവര്‍ഷം 8.82 കോടി യാത്രക്കാരാണ് സഞ്ചരിക്കുന്നത്. നൂറോളം വിമാന കമ്പനികള്‍ ആറ് ഭൂഖണ്ഡങ്ങളിലെ 240ലധികം സ്ഥലങ്ങളിലേക്ക് ദുബായില്‍ നിന്ന് സര്‍വീസ് നടത്തുന്നുണ്ട്.