മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി വിവിധ പ്രവാസി സംഘടനകൾ.
കുവൈത്ത് സിറ്റി: മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കുവൈത്തിലെ വിവിധ പ്രവാസി സംഘടനകള്‍.
ഒഐസിസി കുവൈത്ത് അനുശോചനം രേഖപ്പെടുത്തി
സിപിഎം നേതാവും മുൻ മുഖ്യമന്തിയും ആയിരുന്ന വിഎസ് അച്യുതാനന്ദന്‍റെ നിര്യാണത്തിൽ ഒഐസിസി കുവൈത്ത് നാഷണൽ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.കേരളത്തിലെ നിരവധി ജനകീയ വിഷങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നതിൽ വിഎസ് അച്യുതാനന്ദൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അനുശോചന സന്ദേശത്തിൽ ഒഐസിസി നാഷണൽ കമ്മറ്റി പ്രസിഡന്‍റ് വര്ഗീസ് പുതുക്കുളങ്ങര ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് മാരാമൺ എന്നിവർ പറഞ്ഞു.
ഐഎംസിസി കുവൈത്ത് കമ്മറ്റി
കേരളം കണ്ട ഏറ്റവും മികച്ച മുഖ്യ മന്ത്രിമാരിൽ ഒരാളും ജനകീയനായ പ്രതിപക്ഷ നേതാവുമായിരുന്ന വിഎസ് അടിസ്ഥാന വർഗ്ഗത്തിന്‍റെ പുരോഗതിക്കായി ജീവിതം ഉഴിഞ്ഞു വെച്ച നേതാവായിരുന്നു. കർഷകരെ ചൂഷണം ചെയ്തിരുന്ന ജന്മിമാർക്കെതിരെ സമരം നയിച്ച് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ മുന്നിൽ നിന്ന വി എസിന്‍റെ നിര്യാണം ഇന്ത്യൻ തൊഴിലാളി വർഗത്തിന് തീരാ നഷ്ടമാണെന്നും ഭാരവാഹികളായ സത്താർ കുന്നിൽ, ഹമീദ് മധൂർ,ശരീഫ് താമരശ്ശേരി, എ . ആർ അബൂബക്കർ, ഉമ്മർ കൂളിയങ്കാൽ എന്നിവർ അനുശോചന കുറിപ്പിൽ അറിയിച്ചു.
കല കുവൈത്ത്
വിഎസ് അച്യുതാനന്ദന്‍റെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് അനുശോചനം രേഖപ്പെടുത്തി. ഇടവേളകളില്ലാത്ത സമരജീവിതം കൊണ്ട് ഇതിഹാസമായി മാറിയ വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദനെന്ന സഖാവ് വി എസിന്‍റെ നിര്യാണം ഇന്ത്യൻ രാഷ്ട്രീയത്തിലെ നികത്താനാവാത്ത നഷ്ടമാണ്. ജനാധിപത്യ ഇന്ത്യയുടെ സമരക്കരുത്തായിരുന്ന സഖാവിന്‍റെ നിര്യാണത്തിൽ അഗാധമായ ദുഖവും അനുശോചനവും രേഖപെടുത്തുന്നതായ് കല കുവൈത്ത് ആക്റ്റിങ് പ്രസിഡന്റ് പ്രവീൺ പി വി, ആക്റ്റിങ് സെക്രട്ടറി പ്രസീത് കരുണാകരൻ എന്നിവർ അറിയിച്ചു.
കേരള പ്രസ് ക്ലബ് കുവൈത്ത്
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ വിയോഗത്തിൽ കേരള പ്രസ് ക്ലബ് കുവൈത്ത് അനുശോചിച്ചു. പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും ജനപക്ഷത്തിന് മുഖം നൽകിയ നേതാവായിരുന്നു വിഎസ്. പ്രസംഗത്തിന് മുമ്പായി വിഷയത്തിന്‍റെ എല്ലാ വശങ്ങളും പഠിച്ച് കുറിപ്പുകള്‍ തയ്യാറാക്കി മാത്രമേ അദ്ദേഹം പത്രസമ്മേളനങ്ങൾക്ക് എത്തിയിരുന്നുള്ളൂ. ഭൂമി കൈയേറ്റത്തിനെതിരെയും പരിസ്ഥിതി നശീകരണത്തിനെതിരെയും ഉന്നയിച്ച അദ്ദേഹത്തിന്‍റെ നിലപാടുകൾ മലയാള മനസ്സിൽ എന്നും പ്രതിധ്വനിക്കും എന്ന് പ്രസ് ക്ലബ് അനുശോചന കുറിപ്പിൽ പറഞ്ഞു.
