റിയാദ്: കേന്ദ്ര ബജറ്റിനെച്ചൊല്ലി പ്രവാസികള്‍ക്കിടയില്‍ ആശങ്കയേറുന്നു. വിദേശ ഇന്ത്യക്കാർക്ക് നികുതി ചുമത്താനുള്ള ബജറ്റ് നിര്‍ദ്ദേശമാണ് ആശങ്കയുണ്ടാക്കുന്നത്. പലവിധ നികുതികള്‍ക്കൊണ്ടും സ്വദേശിവത്കരണ നിയമങ്ങളാലും ഗള്‍ഫില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്ന സാധാരണക്കാരായ തൊഴിലാളികളെ വിഷമത്തിലാക്കുന്നതാണ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍. വിഷയത്തില്‍ ധനമന്ത്രാലയത്തിന്‍റെ വിശദീകരണത്തിനായി കാത്തിരിക്കുയാണ് പ്രവാസലോകം.

വിദേശ ഇന്ത്യക്കാർക്ക് നികുതി ചുമത്താനുള്ള നീക്കമാണ് ഗള്‍ഫ് പ്രവാസികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്ന  പ്രധാന ഘടകം. 120 ദിവസമോ അതിൽ കൂടുതലോ ഇന്ത്യയിൽ താമസിക്കുന്നവർ നികുതി നൽകണം എന്ന ബജറ്റ് നിർദേശവും അവ്യക്തയുണ്ടാക്കുന്നു. വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ എല്ലാ സമ്പാദ്യത്തിനും ഇന്ത്യയിൽ നികുതി നൽകേണ്ടി വരുമെന്ന് റവന്യൂ സെക്രട്ടറി അജയ് ഭൂഷണിന്‍റെ വിശദീകരണം കൂടി വന്നതോടെ ചർച്ചകൾ കൂടുതൽ ചൂടുപിടിച്ചു. നേരത്തെ 182 ദിവസം ഇന്ത്യയ്ക്കു പുറത്ത് താമസിക്കുന്നവരെയാണ് പ്രവാസിയായി കണക്കാക്കിയിരുന്നത്. അതാണിപ്പോൾ 240 ദിവസമാക്കിയത്.

നികുതി ഇല്ലാത്ത രാജ്യങ്ങളിൽ താമസിക്കുന്നവർക്കാണ് നികുതി ബാധകമാകുക എന്ന പ്രഖ്യാപനം വന്നതോടെ ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന എല്ലാവരും നികുതി നൽകേണ്ടി വരും എന്ന നിലയിലായി ആശങ്ക. അതേസമയം ഇന്ത്യയിലും വ്യവസായം നടത്തുന്ന പ്രവാസികൾക്കു മാത്രമേ പുതിയ നയം കൊണ്ട് ബുദ്ധിമുട്ടുണ്ടാകൂ എന്നാണ്  വിശദീകരണം. അവർക്ക് 120 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ തങ്ങാൻ കഴിയില്ല.  അപ്പോൾ ഇന്ത്യയിലെ  സംരംഭങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകാനാവാതെ വരും.

എന്നാൽ പ്രവാസികള്‍ ഭയപ്പെടേണ്ടതില്ലെന്നാണ് കേന്ദ്ര ധന മന്ത്രാലയത്തിന്‍റെ വിശദീകരണം. വിദേശത്ത് നേടുന്ന വരുമാനത്തിന് ഇന്ത്യയിൽ ആർക്കും നികുതി നൽകേണ്ടി വരില്ലെന്ന് നിർമലാ സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്. വിദേശത്ത് നികുതിയില്ല എന്നതുകൊണ്ട് ഇന്ത്യയിൽ നികുതിയീടാക്കില്ല. പ്രവാസിക്ക് ഇന്ത്യയിൽ നിന്ന് എന്തെങ്കിലും വരുമാനമുണ്ടെങ്കിൽ അതിന് നികുതി നൽകണം. വിദേശത്തുള്ള ആസ്തിക്ക് ഇന്ത്യയിൽ എന്തെങ്കിലും വരുമാനം ലഭിച്ചാൽ അതിനും നികുതി നൽകേണ്ടി വരും. അതല്ലാതെ വിദേശത്ത് നിന്ന് നേടുന്ന വരുമാനത്തിന് ഒരു നികുതിയും നൽകേണ്ട എന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കുന്നത്.