ദുബായ്: പ്രളയക്കെടുതിയിൽ പെട്ടവരെ സഹായിക്കാന്‍ പ്രവാസിമലയാളികള്‍ കൈകോര്‍ക്കുന്നു. പിറന്ന നാടിന് പ്രവാസിയുടെ കൈത്താങ്ങ് എന്ന പേരിൽ പുതുവസ്ത്ര ശേഖരണ ക്യാംപയിനിലാണ് ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷന്‍ അംഗങ്ങള്‍

ദുരിതാശ്വാസക്യാമ്പുകളിലേക്കുള്ള പുതുവസ്ത്ര ശേഖരണ തിരക്കിലാണ് ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ. ഷാർജ അജ്‌മാൻ ഉമ്മുൽ ഖുവൈൻ ദുബായ് മാർക്കറ്റുകളിലെ ചെറുകിട വസ്ത്ര വ്യാപാരികളെയാണ് സംഘം സമീപിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരുകണ്ടയിനിലേറെ വസ്ത്രങ്ങള്‍ ശേഖരിക്കാനായതായി സംഘാടകര്‍ അറിയിച്ചു.

ദുരിതാശ്വാസക്യാമ്പുകളിലേക്ക് കയറ്റിവിടുന്ന സാധനങ്ങളുടെ മേല്‍ നികുതി ചുമത്തുന്ന തീരുമാനം ഒഴിവാക്കി തരണമെന്ന് കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. പിറന്ന നാടിന് പ്രവാസിയുടെ കൈത്താങ്ങെന്ന പേരിലുള്ള ക്യാമ്പയിന്‍ ഒരാഴ്ചകൂടി നീണ്ടു നില്‍ക്കും. കോഴിക്കോട് വയനാട് മലപ്പുറം മേഖലകളിലേക്ക് മൂന്ന് കണ്ടയിനിലേറെ സാധനങ്ങള്‍ നേരിട്ട് എത്തിക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍.