നാട്ടിലേക്ക് പോകാന്‍ കാശില്ലാതെ സമൂഹമാധ്യമത്തിലൂടെ സഹായമഭ്യര്‍ത്ഥിച്ച പ്രവാസി മലയാളി ഗോപകുമാര്‍ നാട്ടിലേക്ക് മടങ്ങി. കളിയിക്കാവിള സ്വദേശിയുടെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സഹായഹസ്തവുമായെത്തിയവര്‍ക്ക് നന്ദിപറഞ്ഞ് ഗോപന്‍...

റാസല്‍ഖൈമ: നാട്ടിലേക്ക് പോകാന്‍ കാശില്ലാതെ സമൂഹമാധ്യമത്തിലൂടെ സഹായമഭ്യര്‍ത്ഥിച്ച പ്രവാസി മലയാളി ഗോപകുമാര്‍ നാട്ടിലേക്ക് മടങ്ങി. ഏഷ്യാനെറ്റ് ന്യൂസ് സംഘം നടത്തിയ അന്വേഷണത്തില്‍ കളിയിക്കാവിള സ്വദേശിയായ ഗോപകുമാറിനെ റാസല്‍ഖൈമയില്‍ നിന്നാണ് കണ്ടെത്തിയത്.

വാഗ്ദാനം ചെയ്ത ശമ്പളം കിട്ടാതെവന്നപ്പോള്‍ ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങവെ വിമാനത്താവളത്തില്‍ തടഞ്ഞ കളിയിക്കാവിള സ്വദേശിയുടെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിസ റദ്ദാക്കിയതിനു ശേഷവും യുഎഇയില്‍ തങ്ങിയതിനുള്ള പിഴയടക്കാന്‍ കാശില്ലാതെ വന്നപ്പോഴാണ് യാത്രമുടങ്ങിയത്. വാര്‍ത്തയെതുടര്‍ന്ന് തുടര്‍ന്ന് റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ പുതിയൊരു ജോലിയും നാട്ടിലേക്കുള്ള വിമാനടിക്കറ്റും നല്‍കി.

സഹായഹസ്തവുമായെത്തിയവര്‍ക്ക് നന്ദിപറഞ്ഞ് ഗോപന്‍ നാട്ടിലേക്ക് മടങ്ങി. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ അടുത്തമാസം തിരികെയെത്തും. കുടുബം പോറ്റാന്‍ പതിനഞ്ചു വര്‍ഷം മുമ്പ് ഗള്‍ഫിലെത്തിയ ഗോപകുമാറിന് കമ്പനി അവധി അനുവദിക്കാത്തതിനാല്‍ മാതാപിതാക്കളുടെ മരണസമയത്ത് പോലും നാട്ടിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല.