മസ്‍കത്ത്: ഒമാനിലേക്ക് വരുന്ന യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവ് റിസള്‍ട്ട് കൈവശം വെയ്‍ക്കണമെന്ന നിബന്ധന  ഒഴിവാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്‌ മുഹമ്മദ്‌ ഉബൈദ് അൽ സൈദി  അറിയിച്ചു. ഒമാനിലെത്തിയ ശേഷം വിമാനത്താവളത്തില്‍ വെച്ച് കൊവിഡ് പരിശോധന നടത്തിയാല്‍ മതിയാവും. രാജ്യത്ത് എത്തുന്ന യാത്രക്കാരുടെ കൈവശം ആരോഗ്യ  ഇൻഷുറൻസ് നിർബന്ധമായും ഉണ്ടായിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം കര അതിർത്തി വഴി രാജ്യത്തേക്ക് പ്രവേശിക്കുന്നവര്‍ക്ക് ഈ ഇളവ് ലഭ്യമാകില്ല. ഇങ്ങനെ വരുന്നവരുടെ കൈവശം പി.സി.ആർ പരിശോധനാ ഫലം വേണമെന്ന നിബന്ധനക്ക്  മാറ്റമില്ലെന്നും ഒമാൻ സുപ്രിം കമ്മറ്റിയുടെ വാർത്താ സമ്മേളനത്തിൽ വെച്ച് ആരോഗ്യ മന്ത്രി പറഞ്ഞു.

രാജ്യത്തെ പള്ളികളിലെ നമസ്‍കാരങ്ങളില്‍ പങ്കെടുക്കുന്നതിന് പ്രായപരിധി ഏർപ്പെടുത്തിയിരുന്നതും ഒഴിവാക്കിയിട്ടുണ്ട്. 12 വയസിൽ താഴെയും 65 വയസിന് മുകളിലും പ്രായമുള്ളവർക്കും ഇനി നമസ്‍കാരങ്ങൾക്കായി പള്ളികളിൽ പ്രവേശിക്കാം. ഒക്ടോബർ പകുതി മുതൽ ഒമാനിലെ രോഗബാധ കുറഞ്ഞു വരികയാണെന്നും  ആരോഗ്യമന്ത്രി വാർത്താ സമ്മേളനത്തിൽ സൂചിപ്പിച്ചു .