കോവിഡ് 19 റിപ്പോർട്ട് ചെയ്തതോടെ മക്ക, മദീന ഹറമുകളില്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി. 

റിയാദ്: സൗദിയിൽ കോവിഡ് 19 റിപ്പോർട്ട് ചെയ്തതോടെ മക്ക, മദീന ഹറമുകളിലും മുൻകരുതൽ നടപടികൾ ഊർജിതമാക്കി. ഇരുഹറം കാര്യാലയ മേധാവി ഡോ അബ്ദുറഹ്മാൻ അൽസുദൈസിന്‍റെ മേൽനോട്ടത്തിൽ ഇരു പള്ളികളിലും പുറത്തും ആവശ്യമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചിരിക്കുന്നത്. രോഗപ്രതിരോധത്തിനായി നൂതന സംവിധാനങ്ങൾ ഹറമുകളിൽ ഏർപ്പെടുത്തി. 

ഇതിന്‍റെ പ്രവർത്തനം മക്ക ഹറമിൽ ഡോ അബ്ദുറഹ്മാൻ അൽസുദൈസ് ഉദ്ഘാടനം ചെയ്തു. ഫ്ലോറുകളും മുസല്ലകളും അണുനാശിനികൾ സ്പ്രേ ചെയ്തു അണുമുക്തമാക്കുന്നതിനുള്ള ആധുനിക യന്ത്രങ്ങളാണ് ഏർപ്പെടുത്തിയത്. കവാടങ്ങൾ, നമസ്കാര സ്ഥലങ്ങൾ എന്നിവിടങ്ങളിൽ രോഗപ്രതിരോധത്തിനാവശ്യമായ മാസ്കുകൾ പോലുള്ളവ വിതരണം ചെയ്യുക, നമസ്കാര വിരിപ്പുകൾ അണുമുക്തമാക്കുന്നതിെൻറ എണ്ണം വർധിപ്പിക്കുക, വിരിപ്പുകൾ വേഗത്തിൽ മാറ്റുക, പ്രധാന ശുചീകരണ ജോലികളുടെ എണ്ണം ആറായി വർധിപ്പിക്കുക തുടങ്ങിയവ മുൻകരുതൽ നടപടികളിലുൾപ്പെടും. ആവശ്യമാണെങ്കിൽ ഉപയോഗിക്കാൻ അടിയന്തിര വാഷിങ് മെഷീനുകൾ ഒരുക്കിയിട്ടുണ്ട്. ശൗചാലയങ്ങളിലെ ശുചീകരണം ആറ് തവണയായി വർധിപ്പിച്ചിട്ടുണ്ട്. സംസം കുടിക്കുന്ന സ്ഥലങ്ങൾ അണുവിമുക്തമാക്കാനും ഉപയോഗിച്ച സംസം ഗ്ലാസുകൾ വേഗത്തിൽ എടുത്തുമാറ്റാനും തീരുമാനിച്ചതായും അണ്ടർ സെക്രട്ടറി പറഞ്ഞു. 

ആരോഗ്യ വകുപ്പിന്‍റെ വിവിധ പോർട്ടലുകൾ വഴി കൊറോണ വൈറസിനെതിരെയുള്ള ഉപദേശങ്ങളും നിർദേശങ്ങൾ നൽകിവരുന്നുണ്ട്. നിർദേശങ്ങൾ ശ്രദ്ധിക്കണമെന്നും പാലിക്കണമെന്നും ഉണർത്തിയിട്ടുണ്ട്. കൈകൾ വൃത്തിയായി സൂക്ഷിക്കുക, തുമ്മുേമ്പാഴും ചുമയ്ക്കുമ്പോഴും ടിഷ്യൂ ഉപയോഗിക്കുക, രോഗമുള്ള ആളുകളിൽ നിന്ന് അകന്ന് കഴിയുക തുടങ്ങിയവ പ്രധാന നിർദേശങ്ങളിലുൾപ്പെടും. കോറോണ സംബന്ധിച്ച് അന്വേഷണങ്ങൾക്ക് 937 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഔദ്യോഗിക സ്രോതസുകളിൽ നിന്ന് മാത്രമേ വാർത്തകൾ ശേഖകരിക്കാവൂ എന്നും കിംവദന്തികൾ തള്ളിക്കളയണമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.