Asianet News MalayalamAsianet News Malayalam

ഓവര്‍സീസ് എംപ്ലോയേഴ്‌സ് കോണ്‍ഫറന്‍സ് 12ന്; നാല് ഗള്‍ഫ് രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ പങ്കെടുക്കും

കോവിഡാനന്തര ലോകത്തെ നൂതന തൊഴില്‍ സാധ്യതകള്‍ തിരിച്ചറിയാനും പുതിയ മേഖലകളിലേക്ക് വെളിച്ചം വീശാനും ലക്ഷ്യമിട്ടുള്ള സുപ്രധാന ചുവടുവയപ്പാണ് സംഗമം.

preparation are on final stage for overseas employers conference organised by norka roots
Author
Thiruvananthapuram, First Published Oct 9, 2021, 3:20 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: കോവിഡ് 19 മഹാമാരി (Covid - 19) ആഗോളതൊഴില്‍ വിപണിയിലേല്‍പ്പിച്ച ആഘാതങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തി,  വിദഗ്ദ്ധ മേഖലയില്‍ കേരളത്തിലെ മാനവവിഭവശേഷിക്ക് വഴികാട്ടാന്‍ ലക്ഷ്യമിട്ട് നോര്‍ക്ക വകുപ്പ് (Norka Roots) സംഘടിപ്പിക്കുന്ന ഓവര്‍സീസ് എംപ്ലോയേഴ്‌സ് കോണ്‍ഫറന്‍സിന് (Overseas employers conference) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ 12 ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതല്‍ ഓണ്‍ലൈനായും നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലുമായാണ് സമ്മേളനം നടക്കുന്നത്. 

കോവിഡാനന്തര ലോകത്തെ നൂതന തൊഴില്‍ സാധ്യതകള്‍ തിരിച്ചറിയാനും പുതിയ മേഖലകളിലേക്ക് വെളിച്ചം വീശാനും ലക്ഷ്യമിട്ടുള്ള സുപ്രധാന ചുവടുവയപ്പാണ് സംഗമം. തൊഴിലിടങ്ങളിലും തൊഴില്‍ സംസ്‌കാരത്തിലും ഉണ്ടായ സമൂലമായ പൊളിച്ചെഴുത്തുകളും അവ സൃഷ്ടിച്ച പ്രതിസന്ധികളും  സാധ്യതകളും പങ്കുവയ്ക്കാന്‍ അന്താരാഷ്ടതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധരടക്കമുള്ളവര്‍ സമ്മേളനത്തില്‍ സംബന്ധിക്കും. 

സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ നാല് രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നവരില്‍പ്പെടുന്നു. കുവൈത്ത്, ജപ്പാന്‍, ജര്‍മനി, ഹോളണ്ട് എന്നിവടങ്ങളിലെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധികള്‍, വിദേശകാര്യ മന്ത്രാലയയം ഉദ്യോഗസ്ഥര്‍, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ്, ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും തൊഴില്‍ദാതാക്കള്‍, റിക്രൂട്ടിംഗ് ഏജന്‍സികള്‍, റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന ഒ.എം.സി-2021 ഈ നിലയില്‍ നടക്കുന്ന രാജ്യത്തെ തന്നെ പ്രഥമ സംരംഭമാണ്. 

കുടിയേറ്റത്തെ സംബന്ധിച്ച സമഗ്രതലസ്പര്‍ശിയായ ചര്‍ച്ചകളാണ് വിവിധ സെഷനുകളിലായി ഒരുക്കിയിരിക്കുന്നത്. എല്ലാസെഷനുകളിലും സംശയനിവാരണത്തിനും ചര്‍ച്ചകള്‍ക്കും അവസരമൊരുക്കിയിട്ടുണ്ട്. സമ്മേളനത്തില്‍ ഉന്നയിക്കപ്പെടുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിക്കുകയും തുടര്‍ന്നുള്ള നയരൂപീകരണത്തില്‍ പ്രയോജനപ്പെടുത്തുകയും ചെയ്യും.  

കോവിഡനെ തുടര്‍ന്ന് തൊഴില്‍ രംഗത്തുണ്ടായ സാങ്കേതികമായ മാറ്റങ്ങളും  അതിന്റെ ചുവടുപിടിച്ചുണ്ടായ തൊഴില്‍ സാധ്യതകളും സമ്മേളനം ചര്‍ച്ച ചെയ്യും. ഗള്‍ഫ് മേഖല അടക്കമുള്ള നമ്മുടെ പരമ്പരാഗത പ്രവാസമേഖലയിലയിലെ പുതിയ തൊഴിലിടങ്ങളും ജപ്പാന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ രൂപപ്പെട്ടിരിക്കന്ന പുതിയ സാധ്യതകളും ബന്ധപ്പെട്ട രാജ്യങ്ങളില്‍ നിന്നു തന്നെയുള്ള വിദഗ്ദ്ധര്‍ വിലയിരുത്തുന്നുവെന്നതാണ് സമ്മേളനത്തിന്റെ മുഖ്യസവിശേഷത.

പുതിയ സാധ്യതകള്‍ രൂപപ്പെട്ടിരിക്കുന്ന രാജ്യങ്ങളില്‍ വിദഗ്ദ്ധരും വിവിധ മേഖലയില്‍ നൈപുണ്യം ആര്‍ജിച്ചിട്ടുള്ളവരുമായ യുവജനങ്ങളെയാണ് തൊഴില്‍ വിപണി കാത്തിരിക്കന്നത്. ഇത് തിരിച്ചറിഞ്ഞ് കാലേക്കൂട്ടിയുള്ള നടപടികളും പരിശീലനവും ലഭ്യമാക്കാനുള്ള കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെഭാഗമാണ് ഈ സമ്മേളനം.വിദേശത്ത് തൊഴില്‍ തേടുന്ന വിദഗ്ദ്ധ മേഖലയിലെ യുവജനങ്ങള്‍ക്ക് സുരക്ഷിതവും ഗുണമേന്‍മയുള്ളതുമായ കുടിയേറ്റത്തെ കുറിച്ച് ബോധവത്കരിക്കാനും പ്രത്യേക സെഷന്‍ ഒരുക്കിയിട്ടുണ്ട്. 

11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചീഫ്‌സെക്രട്ടറി വി.പി.ജോയ് അദ്ധ്യക്ഷത വഹിക്കും. വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (സി.പി.വി ആന്റ് ഒ.ഐ.എ) സഞ്ജയ് ഭട്ടാചാര്യ ഐ.എഫ്.എസ് മുഖ്യപ്രഭാഷണം നടത്തും. 

'തൊഴിലിന്റെ ഭാവിയും നവനൈപുണ്യ വികസനവും' എന്ന തലക്കെട്ടില്‍ രാവിലെ ഒമ്പതിന്  നടക്കുന്ന ആദ്യ സെഷനില്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസിഡര്‍ പിയൂഷ് ശ്രീനിവാസ്തവ, പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സ് ആംസ്‌ട്രോങ് ചഗ്‌സന്‍, 
ദുബായ് എമ്മാര്‍ പ്രോപ്പര്‍ട്ടീസ് പ്രോജക്ട്‌സ് ആന്റ് ഡവലപ്‌മെന്റ് ഡയറക്ടര്‍ മുഹമ്മദ് അല്‍ മര്‍സൂഖി അടക്കമുള്ളവര്‍ സംസാരിക്കും.

'വളര്‍ന്നു വരുന്ന നവ കുടിയേറ്റ മേഖലകളും സാധ്യതകളും' എന്ന വിഷയത്തില്‍ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സെഷനില്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ ഔസെഫ് സയീദ്, യു.എ.ഇ  അംബാസിഡര്‍  പവന്‍ കപൂര്‍, ഖത്തര്‍ അംബാസിഡര്‍ ഡോ ദീപക് മിത്തല്‍, കുവൈത്ത് ഇന്ത്യന്‍ മിഷന്‍ ഫസ്റ്റ് സെക്രട്ടറി  സ്മിത പാട്ടീല്‍ തുടങ്ങിയവര്‍ സംസാരിക്കും. 

'പുതിയ വിപണികള്‍ - ജര്‍മ്മനി, ജപ്പാന്‍'  എന്ന വിഷയത്തില്‍  ഉച്ചയ്ക്ക് മൂന്നിന് പാനല്‍ ചര്‍ച്ച നടക്കും. ജപ്പാന്‍ എംബസി ഡി.സി.എം  മായങ്ക് ജോഷി, വിദേശകാര്യ മന്ത്രാലയം ജോയന്റ് സെക്രട്ടറി അബ്ബാഗാനി രാമു, സെക്കന്റ് സെക്രട്ടറി, ഹെഡ് ഓഫ് ചാന്‍സറി ആന്‍ഡ് എക്കണോമിക് ആന്‍ഡ് കൊമേര്‍ഷ്യല്‍ സാകേട്ട രാജ മുസിനിപ്പള്ളി, അലക്സാണ്ടര്‍ വില്‍ഹിം (ചീഫ്-ഫെഡറല്‍ എംപോയ്മെന്റ് ഏജന്‍സി ബെര്‍ലിന്‍, ജര്‍മനി), ജപ്പാന്‍ ബിസിനസ്സ് ഡയറക്ടര്‍ ഹിതഹിതോ ജയ് അരക്. എന്നിവര്‍ സംബന്ധിക്കും. 

കുടിയേറ്റക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍  എന്ന തലക്കെട്ടില്‍ 4.15ന് നടക്കുന്ന സെഷനില്‍ പ്രോട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ്,  റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍, പോലീസ് ഉദ്യോഗസ്ഥര്‍, മുതര്‍ന്ന സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ സംബന്ധിക്കും. 

5.15ന് തുടങ്ങുന്ന സമാപന സെഷനില്‍ സ്പീക്കര്‍ എം.ബി.രാജേഷ് മുഖ്യാതിഥിയായിരിക്കും. 

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ  (ഫിക്കി) പങ്കാളിത്തത്തോടെയാണ് സമ്മേളനം ഒരുക്കുന്നത്. 
ശങ്കരനാരായണന്‍ തമ്പി ഹാളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ക്ഷണിക്കപ്പെട്ടവര്‍ക്കാണ് പ്രവേശനം. 

ഓണ്‍ലൈന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ https://registrations.ficci.com/ficoec/online-registrationi.asp എന്ന ലിങ്കില്‍   ആര്‍ക്കും സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0484-4058041 / 42, മൊബൈല്‍:  09847198809. ഇ- മെയില്‍ : kesc@ficci.com

Follow Us:
Download App:
  • android
  • ios