Asianet News MalayalamAsianet News Malayalam

എട്ട് വിമാനങ്ങള്‍, 13 സര്‍വ്വീസുകള്‍; പ്രവാസി മടക്കത്തില്‍ വിപുലമായ ഒരുക്കങ്ങളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

ഓരോ യാത്രക്കാരനും രണ്ടു മാസ്‌കുകളും സാനിറ്റൈസറും ലഘു ഭക്ഷണ കിറ്റും നല്‍കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍ ഉണ്ടാകുക. 

preparations done by air India express for repatriation of expats
Author
New Delhi, First Published May 6, 2020, 3:49 PM IST

ദില്ലി: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വിമാന സര്‍വ്വീസുകള്‍ നാളെ ആരംഭിക്കാനിരിക്കെ വിപുലമായ ഒരുക്കങ്ങളുമായി എയര്‍ ഇന്ത്യ എകസ്പ്രസ്. ആദ്യ ഷെഡ്യൂളില്‍ 13 സര്‍വീസുകളാണ് പ്രവാസികളെയും കൊണ്ട് മടങ്ങിയെത്തുന്നത്. ഇതിനായി എട്ട് വിമാനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.  

ഓരോ യാത്രക്കാരനും രണ്ടു മാസ്‌കുകളും സാനിറ്റൈസറും ലഘു ഭക്ഷണ കിറ്റും നല്‍കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍ ഉണ്ടാകുക.  60 പൈലറ്റുമാര്‍, 120 ക്യാബിന്‍ ക്രൂ, 500 ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജീവനക്കാര്‍ എന്നിവരാണ് ഈ ദൗത്യത്തിന്‍റെ ഭാഗമാകുന്നത്. ആദ്യ ഷെഡ്യൂളില്‍ ഉള്ള ജീവനക്കാരുടെ കൊവിഡ് ടെസ്റ്റ് പൂര്‍ത്തിയായി.

പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി വിമാനങ്ങള്‍ നാളെ ഉച്ചക്ക് 12 .30 ന് കേരളത്തില്‍ നിന്നും തിരിക്കും. പ്രവാസികളെ കയറ്റി ഉടന്‍ തന്നെ മടങ്ങും. പ്രവാസികളുമായി ഉച്ചയ്ക്ക് 2.10ന് ദുബായില്‍ നിന്ന് കോഴിക്കോടേക്കും അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും രണ്ട് വിമാനങ്ങളാണ് എത്തുന്നത്. കൊച്ചിയിലും കോഴിക്കോടും വിമാനങ്ങള്‍ നാളെ രാത്രി 9.40 ന്എത്തുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. അറിയിപ്പ് ലഭിച്ച യാത്രക്കാര്‍ അഞ്ച് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തണമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ വിമാനത്തിലും 170 ല്‍ താഴെ യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടാകുക.

രാജ്യത്തെ പതിമൂന്ന് നഗരങ്ങളിലേക്കാണ് ആദ്യ ഘട്ടത്തില്‍ പ്രവാസികളെ തിരികെയെത്തിക്കുന്നത്. ഗള്‍ഫിലെ ആറു രാജ്യങ്ങളിലേക്ക് ആദ്യ ആഴ്ച സര്‍വ്വീസുകളുണ്ട്. അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും ഏഴും ആറും സര്‍വ്വീസുകളാണ് നടത്തുക. ബംഗ്ലാദേശ്, ഫിലിപ്പിയന്‍സ് , മലേഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലുള്ളവരെയും മടക്കി എത്തിക്കും.

ജന്മനാട്ടിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം; പ്രവാസികളുമായുള്ള ആദ്യ വിമാനം നാളെ ഉച്ചയ്ക്ക് പുറപ്പെടും

 

Follow Us:
Download App:
  • android
  • ios