യോജിച്ച പ്രവര്‍ത്തനങ്ങളിലൂടെയും പങ്കാളിത്തത്തിലൂടെയും സന്നദ്ധസംഘടനകള്‍ക്കുള്ള ധനശേഖരണത്തിന്റെ കാര്യത്തിലും ഇതുവരെയുള്ള ഏറ്റവും വലിയ പരിപാടിയായി ഫെസ്റ്റിവലിന്റെ 2023 എഡിഷന്‍ മാറും.
ദുബൈ: 'ടില്‍റ്റ് ഫെസ്റ്റിവല്‍ ആന്റ് കോണ്‍ഫറന്‍സിന്റെ' 2023 എഡിഷനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി സംഘാടകര്‍ അറിയിച്ചു. യോജിച്ച പ്രവര്‍ത്തനങ്ങളിലൂടെയും പങ്കാളിത്തത്തിലൂടെയും സന്നദ്ധസംഘടനകള്‍ക്കുള്ള ധനശേഖരണത്തിന്റെ കാര്യത്തിലും ഇതുവരെയുള്ള ഏറ്റവും വലിയ പരിപാടിയായി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
ദുബൈ താജ് ഹോട്ടലില്‍ നടന്ന ഈ വര്‍ഷത്തെ ടില്‍റ്റ് ഫെസ്റ്റിവല്‍ ആന്റ് കോണ്‍ഫറന്‍സിന്റെ വന്‍ വിജയത്തിന് പിന്നാലെയാണ് അടുത്ത വര്‍ഷത്തേക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി അറിയിച്ചിരിക്കുന്നത്. ഇത്തവണ സര്‍ക്കാര്‍ ഒഫീഷ്യലുകളുടെയും കലാകാരന്മാരുടെയും, ചേഞ്ച്മേക്കര്‍മാരുടെയും, മനുഷ്യസ്‍നേഹികളുടെയും ഒപ്പം യുഎഇയിലെ നിരവധി ബിസിനസുകാരുടെയും പങ്കാളിത്തത്തിലൂടെയാണ് പരിപാടികള്‍ വന്‍ വിജയമായി മാറിയത്. 'ആര്‍ട്ട് ബി എ പാര്‍ട്ടിന്റെ' സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സിന്റെ (എം.ബി.ആര്‍.ജി.ഐ) കീഴിലുള്ള ദുബൈ കെയേഴ്സ് പദ്ധതിക്കും യൂനിസെഫ് ഇന്ത്യയ്ക്കും വേണ്ടി 243,000 ദിര്‍ഹമാണ് സമാഹരിച്ചത്. ഗ്രാന്റ് ഫിനാലെയില്‍ ദീര്‍ഘകാല സഹകാരികളുടെയും രണ്ട് തവണ ഗ്രാമി അവാര്‍ഡ് ജേതാവും യുഎസ് ബില്‍ബോര്‍ഡ് #1 ആര്‍ട്ടിസ്റ്റുമായ റിക്കി കേജ്, അക്ഷയ് സരിന്‍ എന്നിവരുടെയും മ്യൂസിക് പെര്‍ഫോമന്‍സ് അരങ്ങേറി.
"കലയുടെയും വൈവിദ്ധ്യങ്ങളുടെും സര്‍ഗാത്മകതയുടെയും ബഹുമുഖ സാംസ്‍കാരിക കേന്ദ്രമാണ് ദുബൈ, അതുകൊണ്ടുതന്നെയാണ് അതിര്‍ത്തികള്‍ ഭേദിക്കുന്ന മഹത്തായ ഈ പരിപാടി ആദ്യമായി ഞങ്ങള്‍ ദുബൈയിലേക്ക് കൊണ്ടുവന്നത്. ഇരുനൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ ഒരു നഗരത്തില്‍ കഴിയുന്നത്. കൂടുതല്‍ നല്ല കാര്യങ്ങള്‍ക്കു വേണ്ടി ആളുകളെ ഒരുമിച്ച് കൂട്ടുകയെന്നതാണ് ഞങ്ങളുടെ ഈ ഫെസ്റ്റിവലിന്റെ ആകത്തുക - ടില്‍റ്റ് ഫെസ്റ്റിവല്‍ ആന്റ് കോണ്‍ഫറന്‍സിന്റെ സ്ഥാപകന്‍ അക്ഷയ് സരിന്‍ പറഞ്ഞു.
സര്‍ഗാത്മക മേഖലയില്‍ ദുബൈയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. പ്രധാനപ്പെട്ട ഈയൊരു മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായുള്ള ദുബൈ ക്രിയേറ്റീവ് ഇക്കണോമി സ്ട്രാറ്റജി പോലുള്ള ഏറെ പ്രതീക്ഷയുള്ള നയങ്ങള്‍ അതിന്റെ ഭാഗമാണ്. ഇതിന്റെ തുടര്‍ച്ചയായും, ടില്‍റ്റ് ഫെസ്റ്റിവല്‍ ആന്റ് കോണ്‍ഫറന്‍സിന്, മുമ്പെങ്ങും കണ്ടിട്ടില്ലാത്തത്ര വലിയ വിജയം ദുബൈയില്‍ കൈവരിക്കാനായതിന്റെയും വെളിച്ചത്തിലാണ് 2023 എഡിഷനിലേക്കുള്ള ഒരുക്കങ്ങള്‍ ഞങ്ങള്‍ ആരംഭിക്കുന്നത്. എല്ലാ സംഘടകളെയും വ്യക്തികളെയും അതിന്റെ ഭാഗമാവാന്‍ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു, സരിന്‍ കൂട്ടിച്ചേര്‍ത്തു.
സംരംഭകത്വം, ക്രിയേറ്റീവ് ലീഡര്‍ഷിപ്പ്, ഇന്നൊവേഷന്‍, കള്‍ച്ചര്‍ മാര്‍ക്കറ്റിങ്, ഫിലാന്ത്രോപ്പി തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ച സംഗീതജ്ഞനും സാമൂഹിക നിക്ഷേപകനുമായ അക്ഷയ് സരിനാണ് 2010ല്‍ ടില്‍റ്റ് ഫെസ്റ്റിവല്‍ ആന്റ് കോണ്‍ഫറന്‍സ് സ്ഥാപിച്ചത്.
ആര്‍ടിസ്റ്റുകള്‍, തോട്ട് ലീഡേഴ്സ്, സിഇഒമാര്‍, ഫിലാന്ത്രോപ്പിസ്റ്റുകള്‍, ക്രിയേറ്റീവുകള്‍, ലോകമെമ്പാടുമുള്ള സംരംഭകര്‍ തുടങ്ങി ആഗോള തലത്തില്‍ തന്നെയുള്ള ചേഞ്ച്മേക്കേഴ്‍സിനെ ഒരുമിച്ച് കൂട്ടുകയും അവരുടെ കാഴ്ചപ്പാടുകളും പരിചയവും പങ്കുവെയ്ക്കാനും ഇപ്പോഴത്തെ ആഗോള വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനുമുള്ള വേദിയാണ് ടില്‍റ്റ് ഫെസ്റ്റിവല്‍ ആന്റ് കോണ്‍ഫറന്‍സ്. ജനങ്ങള്‍ക്ക് പരസ്‍പരം അറിയാനും സഹകരിക്കാനും വിവിധ പ്രൊജക്ടുകളില്‍ പരസ്‍പരം പങ്കാളികളാവാനും അവസരം നല്‍കുന്ന ക്രിയേറ്റിവിറ്റി ആന്റ് ഇന്നൊവേഷന്‍ ഇന്‍സസ്ട്രികളിലെ സുപ്രധാനമായൊരു പരിപാടിയായാണ് ഇതിനെ വിലയിരുത്തുന്നത്. ലോകത്തുടനീളമുള്ള കലാകാരന്മാര്‍ക്കും ലീഡര്‍മാര്‍ക്കും തങ്ങളുടെ കണ്ടെത്തലുകള്‍ പ്രദര്‍ശിപ്പിക്കാനും ദുബൈയില്‍ പുതിയ അവസരങ്ങള്‍ കണ്ടെത്താനും ഈ പരിപാടിയിലൂടെ വേദിയൊരുങ്ങും.
ഭാവി അവസരങ്ങള്‍
പ്രാദേശിക സംഘടനകളുമായും വ്യക്തികളുമായുമുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ടില്‍റ്റ് ഫെസ്റ്റിവല്‍ ആന്റ് മാനേജ്‍മെന്റ് ഒരു റോഡ് ഷോ സംഘടിപ്പിക്കുകയാണെന്ന് സരിന്‍ പറഞ്ഞു. 'ബിസിനസ് ലീഡര്‍മാരെയും സന്നദ്ധ സംഘടനകളെയും ആര്‍ട്ടിസ്റ്റുകളെയും പാനലിസ്റ്റുകളെയും പങ്കാളികളെയും സ്‍പോണ്‍സര്‍മാരെയുമെല്ലാം ടില്‍റ്റ് ഫെസ്റ്റിവല്‍ ആന്റ് കോണ്‍ഫറന്‍സിന്റെ ഏവരും കാത്തിരിക്കുന്ന 2023 എഡിഷനിലേക്ക് സ്വാഗതം ചെയ്യുന്നു. എല്ലാവര്‍ക്കും അവരവരുടെ സമൂഹത്തിലേക്ക് സംഭവനകള്‍ അര്‍പ്പിക്കാന്‍ ഇതിലൂടെ അവസരം ലഭിക്കുമെന്നും' സരിന്‍ വിശദീകരിച്ചു.
2022ലെ പ്രധാന സവിശേഷതകള്‍
'നിരവധി തലങ്ങളില്‍ 2022ല്‍ വലിയ വിജയം കൈവരിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെങ്കിലും ദുബൈ കെയേഴ്സിനും യൂണിസെഫ് ഇന്ത്യയ്ക്കും വേണ്ടി പണം സമാഹരിക്കാനും അവരുടെ മനവിക ലക്ഷ്യങ്ങളെ പിന്തുണയ്ക്കാന്‍ സാധിച്ചതുമാണ് ഏറ്റവും വലിയ കാര്യമായി ഞാന്‍ കാണുന്നത്. ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് ആളുകളുടെ ജീവിതം മാറ്റിമറിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മഹത്തായ ലക്ഷ്യങ്ങളോടെയുള്ള സംഘടനകളാണ് രണ്ടും. ആളുകളെ ഒരുമിച്ച് കൂട്ടിയും കലാകാരന്മാരും സന്നദ്ധ സംഘടനകളും ഒപ്പം സമൂഹവും പരസ്‍പരം സഹകരണം ശക്തിപ്പെടുത്തുക വഴി ലോകം കൂടുതല്‍ നല്ലതാക്കി മാറ്റുകയെന്ന തങ്ങളുടെ ലക്ഷ്യത്തിന്റെ ഭാഗമാണ് ഇതെന്നും ടില്‍സ്റ്റ് ഫെസ്റ്റിവല്‍ ആന്റ് കോണ്‍ഫറന്‍സ് സ്ഥാപകന്‍ അക്ഷയ് സരിന്‍ പറഞ്ഞു.
