ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടു. വനിതാ യാത്രക്കാരെ പരിശോധിച്ചതുള്‍പ്പെടെ നടപടിക്രമങ്ങളില്‍ ലംഘനം നടന്നതായി ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ്(ജിസിഒ) പുറത്തുവിട്ട പ്രാഥമിക കണ്ടെത്തലുകളില്‍ വ്യക്തമാക്കുന്നു.

തുടര്‍നിയമ നടപടികള്‍ക്കായി നിയമലംഘകരെ പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസിന് കൈമാറിയതായി ജിസിഒ പ്രസ്താവനയില്‍ പറയുന്നു. വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാതശിശുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് വനിതാ യാത്രക്കാരെ ശാരീരിക പരിശോധന നടത്തിയതടക്കമുള്ള വിമാനത്താവള അധികൃതരുടെ നടപടിക്രമങ്ങള്‍ ചട്ടലംഘനമാണെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് പുറത്തുവിട്ട അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. 

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് ആല്‍ഥാനി സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ലക്ഷക്കണക്കിന് യാത്രക്കാര്‍ വന്നുപോകുന്ന ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. ഒക്ടോബര്‍ രണ്ടിനാണ് പിറന്ന ഉടനെ ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. മെഡിക്കല്‍ സംഘത്തിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കുഞ്ഞിന് ഉടന്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കിയിരുന്നു.