ദില്ലി: പ്രധാന മന്ത്രി നരേന്ദ്രമോദി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ടെലിഫോണില്‍ സംസാരിച്ചു. കൊവിഡ് 19ന്റെ വ്യാപനത്തെ തുടര്‍ന്നുള്ള ആഗോള സാഹചര്യങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ജനങ്ങളുടെ ആരോഗ്യത്തിന് പുറമെ സാമ്പത്തിക രംഗത്തെയും ഗുരുതരമായി ബാധിക്കുന്ന സവിശേഷ സാഹചര്യം അതിജീവിക്കാന്‍ യോജിച്ച പരിശ്രമങ്ങളുണ്ടാവേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യ മുന്‍കൈയെടുത്ത് സാര്‍ക്ക് രാജ്യങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സ് സംഘടിപ്പിച്ച കാര്യവും പ്രധാനമന്ത്രി പരാമര്‍ശിച്ചു. സമാനമായ രീതിയില്‍  ജി 20 രാജ്യങ്ങളുടെ യോഗം സൗദിയുടെ നേതൃത്വത്തിൽ വിളിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരൻ യോജിച്ചു.