ദില്ലി: സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൾഅസീസ് അൽ സൗദ് രാജാവുമായി, പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിഫോണില്‍ സംസാരിച്ചു.
 കൊവിഡ് മഹാമാരി കാരണമായി അന്താരാഷ്ട്ര തലത്തില്‍ തന്നെ ഉയര്‍ന്നു വരുന്ന വെല്ലുവിളികള്‍ ഇരു നേതാക്കളും ചർച്ച ചെയ്‍തു. ജി20 രാജ്യങ്ങളുടെ കൂട്ടായ്‍മയില്‍ സൗദി അറേബ്യ വഹിക്കുന്ന നേതൃത്വം കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്നതിന് സഹായകമായതായി നേതാക്കള്‍ വിലയിരുത്തി.

ഇന്ത്യയും സൗദിയും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധത്തില്‍ സംതൃപ്‍തി പ്രകടിപ്പിച്ച ഇരു രാഷ്‍ട്ര നേതാക്കളും ബന്ധം കൂടുതല്‍ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് പ്രവാസി ഇന്ത്യക്കാര്‍ക്ക് സൗദി നല്‍കുന്ന സഹായങ്ങള്‍ക്ക് പ്രധാനമന്ത്രി, സല്‍മാന്‍ രാജാവിന് നന്ദി അറിയിച്ചു.