അബുദാബി: വിസ, മാസ്റ്റര്‍കാര്‍ഡ് തുടങ്ങിയവയ്ക്ക് ബദലായ ഇന്ത്യയുടെ സ്വന്തം 'റുപേ' കാര്‍ഡ് നിലവില്‍വരുന്ന മദ്ധ്യപൂര്‍വദേശത്തെ ആദ്യ രാജ്യമാകാനൊരുങ്ങി യുഎഇ. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച യുഎഇ സന്ദര്‍ശിക്കുമ്പോള്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സുരി ഒരു അഭിമുഖത്തില്‍ അറിയിച്ചു.

റുപേ കാര്‍ഡിന്റെ ഉപയോഗം സാധ്യമാക്കുന്നതിന് നാഷണല്‍ പേയ്‍മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും യുഎഇയിലെ മെര്‍ക്കുറി പേയ്മെന്റും ധാരണാപത്രം ഒപ്പുവെയ്ക്കും. ഇതോടെ യുഎഇയിലെ പി.ഒ.എസ് ടെര്‍മിനലുകളില്‍ റുപേ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് നവദീപ് സിങ് സുരി പറഞ്ഞു. വിനോദസഞ്ചാരം അടക്കമുള്ള മേഖലകളില്‍ ഇത് സഹായമാകും. നിലവില്‍ സിംഗപ്പൂരിലും ഭൂട്ടാനിലുമാണ് ഇന്ത്യയ്ക്ക് പുറത്ത് റുപേ കാര്‍ഡുകള്‍ ഉപയോഗിക്കാനാവുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനത്തോടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിവിധ രംഗങ്ങളിലുള്ള സഹകരം കൂടുതല്‍ ശക്തമാകുമെന്നും നവദീപ് സിങ് സുരി പറഞ്ഞു.