റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സഹോദരനും സൗദിയിലെ മുന്‍ മന്ത്രിയും മുന്‍ മക്ക ഗവര്‍ണറുമായ മിത്അബ് ബിന്‍ അബ്‍ദുല്‍ അസീസ് രാജകുമാരന്‍ (88) അന്തരിച്ചു. 55 വര്‍ഷം വിവിധ വകുപ്പുകളുടെ മന്ത്രിയായിരുന്ന അദ്ദേഹം 2009 മുതല്‍ ഔദ്യോഗിക പദവികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

പൊതുമരാമത്ത്-പാര്‍പ്പിടകാര്യ വകുപ്പ് മന്ത്രി, മുനിസിപ്പല്‍-ഗ്രാമകാര്യ വകുപ്പ് മന്ത്രി, ജല-വൈദ്യുതി വകുപ്പ് മന്ത്രി, മക്ക ഗവര്‍ണര്‍ എന്നീ പദവികള്‍ വിവിധ കാലങ്ങളില്‍ വഹിച്ചിട്ടുണ്ട്. മക്കയിലെ മസ്‍ജിദുല്‍ ഹറമില്‍ ഇന്ന് രാത്രി ഇശാ നമസ്‍കാരത്തിന് ശേഷം ഖബറടക്കം നടക്കും.

അധുനിക സൗദി അറേബ്യയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പതിനേഴാമത്തെ മകനായി 1931ല്‍ റിയാദിലാണ് മിത്അബ് രാജകുമാരന്‍ ജനിച്ചത്. അമേരിക്കയില്‍ നിന്ന് രാഷ്ട്രമീമാംസയില്‍ ബിരുദം നേടിയശേഷമാണ് അദ്ദേഹം ഔദ്യോഗിക പദവികള്‍ വഹിച്ചത്.