അമേരിക്ക സൗദി അറേബ്യക്ക് ആയുധങ്ങൾ നൽകുന്നത് സൗജന്യമായല്ലെന്നും അഭിമുഖത്തിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കി

റിയാദ്: സൗദിയിൽ 2030 വരെ പുതിയ നികുതികൾ ഒന്നും ഏര്‍പ്പെടുത്തില്ലെന്ന് കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. 2030 ഓടെ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്‌മ നിരക്ക് ഏഴു ശതമാനമായി കുറയുമെന്നും കിരീടാവകാശി വ്യക്തമാക്കി. അമേരിക്കൻ വാർത്താ ഏജൻസിയായ ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലായിരുന്നു മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍റെ നിലപാട് വ്യക്തമാക്കിയത്.

ദേശീയ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക മേഖലയും വ്യവസായ മേഖലയും വികസിപ്പിക്കുന്നതിനുമുള്ള തീവ്രശ്രമങ്ങൾ നടന്നുവരുകയാണ്. സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വിഷൻ 2030 പദ്ധതിക്ക് വലിയ പ്രാധാന്യമാണ് നല്കുന്നത്. നിലവിൽ ദേശീയ പരിവർത്തന പദ്ധതിയായ 2020 നാണു ഊന്നൽ നൽകുന്നത്. ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പിനിയായ സൗദി അരാംകോയുടെ ഓഹരികൾ 2021ല്‍ വില്‍പന നടത്തുമെന്നും കിരീടാവകാശി പറഞ്ഞു.

ഇതു വഴി രണ്ട് ട്രില്ല്യന്‍ ഡോളറിന്‍െ വരുമാനമുണ്ടാവും. രാജ്യത്തിൻറെ സ്വപ്ന പദ്ധതിയും ലോകത്തിലെ തന്നെ ഏറ്റവും വലിയ വികസന പദ്ദതികളില്‍ ഒന്നുമായ "നിയോം" പദ്ധതി പ്രദേശത്തു പുതിയ മൂന്നു ആഭ്യന്തര വിമാനത്താവളങ്ങളും ഒരു അന്താരാഷ്ട്രാ വിമാനത്താവളവും തുറമുഖവും വലിയ വ്യവസായ മേഖലയും ഉണ്ടാകും.

അതേസമയം അമേരിക്ക സൗദി അറേബ്യക്ക് ആയുധങ്ങൾ നൽകുന്നത് സൗജന്യമായല്ലെന്നും അഭിമുഖത്തിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കി.