നിയന്ത്രണമുള്ള മരുന്നുകള്‍ കൊണ്ടുവരുന്നവര്‍ ഓണ്‍ലൈന്‍ അനുമതി തേടിയിട്ടില്ലെങ്കില്‍ വിമാനത്താവളത്തില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണം. ഇക്കാര്യത്തില്‍ നേരത്തെയുണ്ടായിരുന്ന നിയമത്തിന് മാറ്റമൊന്നും വന്നിട്ടില്ല. 

അബുദാബി: യുഎഇയില്‍ താമസിക്കുന്നവര്‍ക്കും സന്ദര്‍ശിക്കുന്നവര്‍ക്കും മരുന്നുകള്‍ രാജ്യത്തേക്ക് കൊണ്ടുവരാന്‍ മുന്‍കൂട്ടി ഓണ്‍ലൈന്‍ അനുമതി വാങ്ങാന്‍ കഴിയുമെങ്കിലും ഇത് നിര്‍ബന്ധമല്ലെന്ന് അധികൃതര്‍ അറിയിച്ചു. നിയന്ത്രിത മരുന്നുകള്‍ കൊണ്ടുവരുന്നതിന് മുന്‍പ് ഇത്തരത്തില്‍ അനുമതി തേടിയാല്‍ വിമാനത്താവളത്തില്‍ പരിശോധനയ്ക്കായി സമയം ചിലവഴിക്കുന്നത് ഒഴിവാക്കാമെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

നിയന്ത്രണമുള്ള മരുന്നുകള്‍ കൊണ്ടുവരുന്നവര്‍ ഓണ്‍ലൈന്‍ അനുമതി തേടിയിട്ടില്ലെങ്കില്‍ വിമാനത്താവളത്തില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണം. ഇക്കാര്യത്തില്‍ നേരത്തെയുണ്ടായിരുന്ന നിയമത്തിന് മാറ്റമൊന്നും വന്നിട്ടില്ല. എന്നാല്‍ വിമാനത്താവളത്തില്‍ എത്തുന്നതിന് മുന്‍പ് ഓണ്‍ലൈനായി അപേക്ഷ നല്‍കാനുള്ള സംവിധാനം കൂടി ഏര്‍പ്പെടുത്തുകയാണ്ഇപ്പോള്‍ ചെയ്തതെന്നും അധികൃതര്‍ അറിയിച്ചു. നിയന്ത്രണമുള്ള മരുന്നുകളുമായി വരുന്നവര്‍ക്ക് നടപടികള്‍ എളുപ്പമാക്കുന്നതിന് മാത്രമാണ് ഈ നടപടി.

മുന്‍കൂട്ടി ഓണ്‍ലൈന്‍ അനുമതി വാങ്ങാതെ മരുന്നുകളുമായി വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് ഇക്കാര്യം കസ്റ്റംസ് അധികൃതരെ അറിയിച്ച് അപ്പോള്‍ തന്നെ സത്യവാങ്മൂലം നല്‍കാനുമാവും. സ്വകാര്യ ഉപയോഗത്തിനുള്ള മരുന്നുകള്‍ യുഎഇയില്‍ നിയന്ത്രണമില്ലാത്തവയാണെങ്കില്‍ മൂന്ന് മാസത്തേക്കുള്ളതും നിയന്ത്രണമുള്ളതാണെങ്കില്‍ ഒരു മാസത്തേക്കും മാത്രമേ കൊണ്ടുവരാന്‍ അനുവാദമുള്ളൂ. നിരവധി ഫാര്‍മസികളുള്ള യുഎഇയില്‍ പുറത്ത് നിന്ന് മരുന്നുകള്‍ കൊണ്ടുവരേണ്ട കാര്യമില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട്.

ഓണ്‍ലൈന്‍ അപേക്ഷകള്‍ക്ക് ഒപ്പം ചികിത്സിക്കുന്ന ഡോക്ടറുടെ കുറിപ്പടി ഉള്‍പ്പെടെയുള്ള രേഖകള്‍ അപ്‍ലോഡ് ചെയ്യണം. ഒരു ദിവസത്തിനുള്ളില്‍ ഓണ്‍ലൈനായി തന്നെ അനുമതി ലഭിക്കും. അധിക ചാര്‍ജുകളൊന്നും ഇതിനായി നല്‍കേണ്ടതില്ല. www.mohap.gov.ae എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്.