61 വയസുകാരനായ ആഫ്രിക്കന്‍ വംശജനാണ് മോചിതനായത്. ജീവന് തന്നെ ഭീഷണിയായ രോഗം കണ്ടെത്തിയതോടെ ജയിലില്‍ ചികിത്സ നല്‍കി വരികയായിരുന്നു.

ദുബായ്: പത്തുവര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ദുബായ് ജയിലില്‍ കഴിയുകയായിരുന്ന വിദേശിയെ മോചിപ്പിച്ചു. ഇയാളുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് അധികൃതരുടെ തീരുമാനം. 61 വയസുകാരനായ ആഫ്രിക്കന്‍ വംശജനാണ് മോചിതനായത്. ജീവന് തന്നെ ഭീഷണിയായ രോഗം കണ്ടെത്തിയതോടെ ജയിലില്‍ ചികിത്സ നല്‍കി വരികയായിരുന്നു.

ദുബായ് സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരവെയാണ് തടവുകാരന് ക്യാന്‍സര്‍ കണ്ടെത്തിയത്. പിന്നീട് ദുബായ് ഹെല്‍ത്ത് അതോരിറ്റിയിലെ മെഡിക്കല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ഇയാള്‍ക്ക് ചികിത്സ ലഭ്യമാക്കി. എയര്‍പോര്‍ട്ട് വഴി മയക്കുമരുന്ന് കടത്തിയതിനാണ് കഴിഞ്ഞ വര്‍ഷം ഇയാളെ പിടികൂടിയത്. തുടര്‍ന്ന് കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിക്കുകയായിരുന്നുവെന്ന് ജയില്‍ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി മുഹമ്മദ് അല്‍ ശമാലി പറഞ്ഞു. ഇതിനിടെയാണ് ഇയാള്‍ക്ക് ക്യാന്‍സര്‍ രോഗമുണ്ടെന്ന് കണ്ടെത്തിയത്. നാട്ടിലേക്ക് മടങ്ങാനും കുടുംബത്തോടൊപ്പം താമസിച്ച് രോഗത്തിന് ചികിത്സ തേടാനും അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മോചിതനായ വ്യക്തി പറഞ്ഞു. ജയിലില്‍ വെച്ച് ചികിത്സ ലഭ്യമാക്കിയതില്‍ ദുബായ് പൊലീസിന് അദ്ദേഹം നന്ദി പറയുകയും ചെയ്തു.