ദുബായ്: ഹിജ്റ പുതുവര്‍ഷാരംഭം പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്കും ഓഗസ്റ്റ് 23 അവധിയായിരിക്കും. മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.  രാജ്യത്തെ പൊതുമേഖലയ്ക്കും ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും ഓഗസ്റ്റ് 23ന് അവധിയായിരിക്കുമെന്ന് നേരത്തെ ഫെഡറല്‍ അതോറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് അറിയിച്ചിരുന്നു.

ഹിജ്റ കലണ്ടറിലെ ഒന്നാം ദിനമായ മുഹറം ഒന്ന്, ഓഗസ്റ്റ് 23 ഞായറാഴ്ചയായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാസപ്പിറവി ദൃശ്യമാകുന്നത് അനുസരിച്ചായിരിക്കും ഇക്കാര്യത്തിലെ അന്തിമ തീരുമാനം. അവധിക്ക് ശേഷം ഓഗസ്റ്റ് 24ന് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കും. പൊതു-സ്വകാര്യ മേഖലകളില്‍ അവധികള്‍ ഏകീകരിക്കാന്‍ നേരത്തെ തന്നെ യുഎഇ തീരുമാനമെടുത്തിരുന്നു.