2024 നവംബര്‍ 08 ന് വൈകിട്ട് 5 മണിക്കകം അപക്ഷ സമർപ്പിക്കണം

കേരള സർക്കാരിന്റെ നോർക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ (തിരുവനന്തപുരം - നോര്‍ക്ക സെന്റര്‍) പബ്ളിക് റിലേഷന്‍സ് ഓഫീസറുടെ (പി ആർ ഒ) ഒഴിവിലേയ്ക്ക് (01) അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേയ്ക്കാണ് നിയമനം. പബ്ളിക് റിലേഷൻസ്/ മാസ് കമ്മ്യൂണിക്കേഷൻസ്/ ജേർണലിസം ഇവയിലൊന്നിൽ ബിരുദാനന്തര ബിരുദം / ബിരുദം / പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും മാധ്യമപ്രവര്‍ത്തനത്തിലും പബ്ളിക് റിലേഷന്‍സിലും 03 വർഷത്തെ പ്രവൃത്തി പരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധി 45 വയസ്സ്. പ്രതിമാസം 35,000 (Consolidated) ശമ്പളം ലഭിക്കും. 

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റാ (മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം ഉള്‍പ്പെടുത്തണം) വിദ്യാഭ്യാസ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം 2024 നവംബര്‍ 08 ന് വൈകിട്ട് 5 മണിക്കകം ceo@pravasikerala.orgഎന്ന ഇ-മെയിലില്‍ അപക്ഷ നല്‍കാവുന്നതാണ്. വിശദമായ നോട്ടിഫിക്കേഷന്‍ www.pravasikerala.org വെബ്ബ്സൈറ്റില്‍ ലഭ്യമാണ്.

വിദേശ തൊഴിൽ തട്ടിപ്പിന് പൂട്ടിടാൻ നോർക്ക; ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി 'ഓപ്പറേഷൻ ശുഭയാത്ര ടാസ്‌ക് ഫോഴ്‌സ്'

അതിനിടെ നോർക്കയിൽ നിന്നുള്ള മറ്റൊരു വാർത്ത വിദേശ രാജ്യങ്ങളിലേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റുകള്‍, വീസ തട്ടിപ്പുകള്‍ എന്നിവ നിയന്ത്രിക്കുന്നതിന് നടപടി വേണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന് രൂപീകരിച്ച ഓപ്പറേഷന്‍ ശുഭയാത്ര ടാസ്ക് ഫോഴ്സിന്റെ ആദ്യ യോഗം തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ ചേര്‍ന്നു എന്നതാണ്. അനധികൃതവും വ്യാജവുമായ വിദേശ തൊഴില്‍ റിക്രൂട്ട്മെന്റുകള്‍, വിസാ തട്ടിപ്പ്, സ്റ്റുഡന്റ് വീസാ തട്ടിപ്പ്, വിസിറ്റ് വിസയിലെത്തിയുളള റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍, റഷ്യ, പോളണ്ട്, നെതര്‍ലാന്റ്സ്, തായ്ലന്റ്, കമ്പോഡിയ, ലാവോസ്, ന്യൂസിലാന്റ് എന്നിവിടങ്ങളിലേയ്ക്കുളള തൊഴില്‍ തട്ടിപ്പുകള്‍ എന്നിവയുള്‍പ്പെടെ 07 വിഷയങ്ങളിലുളള നിലവിലുളള പരാതികള്‍ സംബന്ധിച്ച് യോഗം വിലയിരുത്തി. സ്റ്റുഡന്റ് - വിസിറ്റ് വിസ തട്ടിപ്പുകളില്‍ നടപടി സ്വീകരിക്കുന്നതിന് നിലവില്‍ നിയമപരിമിധിയുണ്ട്. ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണ്ണത്തിന്റെ ആവശ്യകത സംബന്ധിച്ച് സംസ്ഥാനസര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്താനും യോഗം തീരുമാനിച്ചു. റിക്രൂട്ടമെന്റ് തട്ടിപ്പു പരാതികള്‍ കൂടുതലുളള വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികള്‍ (ഹോട്ട് സ്പോട്ടുകള്‍) കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും യോഗം തീരുമാനിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം