എഞ്ചിനീയറിങ് രംഗത്തെ 40 വര്‍ഷത്തെ സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് അദ്ദേഹത്തെ പുരസ്‍കാരത്തിന് അര്‍ഹനായി തെരഞ്ഞെടുത്തത്.
ലണ്ടന്‍: ബ്രിട്ടനിലെ ലീഡ്സ് യൂണിവേഴ്‍സിറ്റി പ്രൊഫസറായ മലയാളി പി.എം മുഹമ്മദ് ബഷീറിന് ബ്രിട്ടനിലെ ഉന്നത പുരസ്‍കാരം. ബ്രിട്ടീഷ് രാജാവ് സമ്മാനിക്കുന്ന ഉയര്‍ന്ന ബഹുമതിയായ കമാണ്ടര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എംപയര്‍ പുരസ്‍കാരത്തിനാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. എഞ്ചിനീയറിങ് രംഗത്തെ 40 വര്‍ഷത്തെ സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് അദ്ദേഹത്തെ പുരസ്‍കാരത്തിന് അര്‍ഹനായി തെരഞ്ഞെടുത്തത്.
കോട്ടയം വെണ്ണികുളം സ്വദേശിയായ മുഹമ്മദ് ബഷീര്‍ കൊല്ലം ടി.കെ.എം എഞ്ചിനീയറിങ് കോളേജില്‍ നിന്ന് 1981ല്‍ സിവില്‍ എഞ്ചിനീയറിങില്‍ ബിരുദം നേടിയ ശേഷം കോഴിക്കോട് റീജ്യണന്‍ എഞ്ചിനീയറിങ് കോളേജില്‍ (ഇപ്പോഴത്തെ എന്‍.ഐ.ടി) നിന്ന് ബിരുദാനന്തര ബിരുദവും നേടി. പിന്നീട് റീജ്യണല്‍ എഞ്ചിനീയറിങ് കോളേജില്‍ അധ്യാപകനായി. ശേഷം 1987ല്‍ ബ്രിട്ടനിലെ ബെല്‍ഫാസ്റ്റ് ക്യൂൻസ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും പോസ്റ്റ് ഡോക്ടറല്‍ ബിരുദവും നേടി. ദീര്‍ഘകാലം ക്യൂന്‍സ് യൂണിവേഴ്‍സിറ്റിയില്‍ അധ്യാപകനായും ഗവേഷകനായും പ്രവര്‍ത്തിച്ചു. 1999ലാണ് സ്‍ട്രക്ചറല്‍ എഞ്ചിനീയറിങ് പ്രൊഫസറായത്. പിന്നീട് 2014ല്‍ ലീഡ്സ് സര്‍വകലാശാലയിലെത്തുകയും അവിടെ സിവില്‍ എഞ്ചിനീയറിങ് സ്‍കൂള്‍ മേധാവിയാവുകയും ചെയ്തു.
സ്ട്രക്ചറല്‍ എഞ്ചിനീയറിങുമായി ബന്ധപ്പെട്ട 35 ഡോക്ടറേറ്റുകളും 15 പോസ്റ്റ് ഡോക്ടറല്‍ ഗവേഷണങ്ങളും അദ്ദേഹത്തിന്റെ കീഴില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അന്താരാഷ്‍ട്ര ജേണലുകളില്‍ 400ല്‍ അധികം പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള ശാസ്‍ത്ര സാങ്കേതിക വകുപ്പിന്റെ യുവശാസ്‍ത്രജ്ഞനുള്ള പുരസ്‍കാരം ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകളും നേടി. ലോകത്തെ നിരവധി മുന്‍നിര സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറും ഐറിഷ് അക്കാദമി ഓഫ് എഞ്ചിനീയറിങിലും യുകെ റോയല്‍ അക്കാദമി ഓഫ് എഞ്ചിനീയറിങ് ഉള്‍പ്പെടെയുള്ള സംഘടനകളില്‍ വിശിഷ്ട അംഗവുമാണ്.
ഭാര്യ എറണാകുളം സ്വദേശിയായ ഡോ.ലുലു. മക്കൾ - നതാഷ (മെൽബൺ, ഓസ്ട്രേലിയ), നവനീത് (ലണ്ടൻ, യുകെ)
Read also: ചരിത്ര ദൗത്യം പൂർത്തിയാക്കി സൗദി ബഹിരാകാശ യാത്രികർ മാതൃരാജ്യത്ത് തിരിച്ചെത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
