7.5 ലക്ഷം ഹെക്ടര്‍ പ്രദേശം പുനരുജ്ജീവിപ്പിച്ചതായി കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് റോയല്‍ റിസര്‍വ് അതോറിറ്റി. 130,700 ചതുരശ്ര കി.മീ വിസ്തൃതിയുള്ള റിസര്‍വില്‍ 3,992,200 തൈകള്‍ നട്ടുപിടിപ്പിച്ചതായും അതോറിറ്റി വ്യക്തമാക്കി.

റിയാദ്: തരിശുഭൂമികളെ പച്ചപ്പണിയിച്ച് സൗദി അറേബ്യ. വടക്കൻ സൗദിയിലെ സകാകയില്‍ നശിച്ചുകിടക്കുകയായിരുന്ന 7.5 ലക്ഷം ഹെക്ടര്‍ ഭൂമി പുനരുജ്ജീവിപ്പിച്ചതായി കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് റോയല്‍ റിസര്‍വ് അതോറിറ്റി അറിയിച്ചു. 130,700 ചതുരശ്ര കി.മീ വിസ്തൃതിയുള്ള റിസര്‍വില്‍ 3,992,200 തൈകള്‍ നട്ടുപിടിപ്പിച്ചതായും അതോറിറ്റി വ്യക്തമാക്കി. വനങ്ങളുടെയും പുല്‍മേടുകളുടെയും സ്വാഭാവിക പുനരുജ്ജനനത്തെ ലക്ഷ്യമാക്കി യാരോ,ആര്‍ട്ടിമിഷ്യ,ഹാലോക്സിലോണ്‍ തുടങ്ങിയ7500 കിലോഗ്രാം വരുന്ന വിത്തുകളും വിതറിയിട്ടുണ്ട്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ 2021 മാര്‍ച്ചില്‍ ആരംഭിച്ച സൗദി ഗ്രീന്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് പദ്ധതി. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനായി കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക, വൃക്ഷലധാതികള്‍ വര്‍ധിപ്പിക്കുക, സമുദ്രത്തിലെയും കരയിലേയും പരിസ്ഥിതി വ്യവസ്ഥകളെ സംരക്ഷിക്കുക എന്നിവ ലക്ഷ്യമാക്കുന്ന സൗദിയുടെ വിഷന്‍ 2030 നോട് ചേര്‍ന്നാണിത് നടപ്പാക്കുന്നത്. അമിതമേച്ചില്‍ ബാധിച്ച ഭൂമികളെ പുനസ്ഥാപിക്കുന്നതിലും സസ്യജന്തുജാലങ്ങളെ തിരിച്ചു കൊണ്ടുവരുന്നതിലുമാണ് അതോറിറ്റി ശ്രദ്ധകേന്ദീകരിക്കുന്നത്.

2018 ജൂണില്‍ റോയല്‍ ഉത്തരവിലൂടെയാണ് റിസര്‍വ് സ്ഥാപിച്ചത്. നോര്‍ത്തേണ്‍ പ്രവിശ്യയിലെ തബൂക്ക്, അല്‍ ജൗഫ്,ഹാഇല്‍ എന്നീ നഗരങ്ങളെ ഏകോപിപ്പിച്ചായിരുന്നു രൂപീകരണം.550ലേറെ സസ്യവര്‍ഗങ്ങളാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്. അറേബ്യന്‍ ഒറിക്സ്, അറേബ്യന്‍ ഗസലുകള്‍, അറേബ്യന്‍ പുള്ളിപ്പുലികള്‍ എന്നിവയുള്‍പ്പെടെ 1235 വന്യജീവികളേയും റിസര്‍വില്‍ പുനരധിവസിപ്പിച്ചിട്ടുണ്ട്. കുടിയേറ്റ പക്ഷികളുടെ പ്രധാന ഇടത്താവളം കൂടിയാണിത്.