സോഹാര്‍: ഒമാനിലെ സോഹാറില്‍ അക്രമം നടത്തിയ യുവാക്കളെ അറസ്റ്റ് ചെയ്തു. തൊഴില്‍ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഒമാന്‍ സ്വദേശികളായ യുവാക്കള്‍ നടത്തിവന്നിരുന്ന കുത്തിയിരിപ്പ് സമര  സംഘത്തിലെ ചിലര്‍ അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിനാണ്  റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. 

സ്വകാര്യ വ്യക്തികളുടെ കടകള്‍, വാഹനങ്ങള്‍, മറ്റു വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ കവര്‍ച്ച നടത്തുകയും പൊതുസ്ഥലങ്ങളില്‍ തീ ഇടുകയും ചെയ്ത യുവാക്കളെയാണ് പൊലീസ്  അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം സുരക്ഷാ  പൊലീസുകാരെയും വഴിയാത്രക്കാരെയും റോഡ് ഉപയോക്താക്കളെയും ആക്രമിക്കുകയും പൊതുനിരത്തുകള്‍  തടയുകയും ചെയ്തിരുന്നുവെന്നും ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അറസ്റ്റിലായ അക്രമികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.