Asianet News MalayalamAsianet News Malayalam

സുഷമ സ്വരാജിന്റെ പാത പിന്തുടരുമെന്ന് എസ് ജയശങ്കര്‍; ട്വിറ്ററില്‍ സജീവമായി പുതിയ വിദേശകാര്യ മന്ത്രി

സ്ഥാനമേറ്റെടുത്ത ശേഷം ഇന്ന് രാവിലെയായിരുന്നു എസ് ജയശങ്കറിന്റെ ആദ്യ ട്വീറ്റ്. അഭിനന്ദനങ്ങള്‍ക്ക് നന്ദി പറഞ്ഞ അദ്ദേഹം സുഷമ സ്വരാജിന്റെ പാത അഭിമാനത്തോടെ പിന്തുടരുമെന്ന് ആദ്യ ട്വീറ്റില്‍ തന്നെ വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയം ജനങ്ങളുടെ സേവനത്തിനായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. 

Proud to follow in Sushma Swarajs footsteps S Jaishankar in first tweet
Author
Delhi, First Published Jun 1, 2019, 3:47 PM IST

ദില്ലി: ലോകമെമ്പാടുമുള്ള പ്രവാസികളുടെ പരാതികള്‍ ട്വിറ്ററിലൂടെ കേള്‍ക്കുകയും അവയ്ക്ക് ഉടന്‍ പരിഹാരം കാണുകയും ചെയ്തിരുന്ന ചടുലമായ നീക്കങ്ങളാണ് മുന്‍ വിദേശകാര്യ മന്ത്രി സുഷമസ്വരാജിനെ പ്രവാസികളുടെ പ്രിയങ്കരിയാക്കിയത്. പുതിയ മന്ത്രിസഭയില്‍ സുഷമസ്വരാജ് ഇല്ലെങ്കിലും താനും ആ വഴിയിലൂടെ തന്നെയായിരിക്കും മുന്നോട്ട് പോവുകയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിയുക്ത വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.
 

സ്ഥാനമേറ്റെടുത്ത ശേഷം ഇന്ന് രാവിലെയായിരുന്നു എസ് ജയശങ്കറിന്റെ ആദ്യ ട്വീറ്റ്. അഭിനന്ദനങ്ങള്‍ക്ക് നന്ദി പറഞ്ഞ അദ്ദേഹം സുഷമ സ്വരാജിന്റെ പാത അഭിമാനത്തോടെ പിന്തുടരുമെന്ന് ആദ്യ ട്വീറ്റില്‍ തന്നെ വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയം ജനങ്ങളുടെ സേവനത്തിനായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. വി. മുരളീധരനൊപ്പം അതിന് നേതൃത്വം നല്‍കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും മുന്‍വിദേശകാര്യ സെക്രട്ടറി കൂടിയായ അദ്ദേഹം ട്വീറ്റ് ചെയ്തു. വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന് അഭിനന്ദനങ്ങളുമായെത്തി.

 

സ്ഥാനമേറ്റെടുത്ത ആദ്യദിവസം തന്നെ സൗദിയില്‍ നിന്ന് അദ്ദേഹത്തെ തേടി ഒരു ഇന്ത്യന്‍ പൗരന്റെ സഹായ അഭ്യര്‍ത്ഥനയുമെത്തി. തന്നെ ഇന്ത്യയിലേക്ക് മടങ്ങാന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ട്വിറ്ററില്‍ വീഡിയോ സന്ദേശമയച്ച പ്രവാസിക്ക്, റിയാദിലെ ഇന്ത്യന്‍ അംബാസിഡര്‍ മറുപടി നല്‍കി. ഫോണ്‍ നമ്പര്‍ നല്‍കാന്‍ ആവശ്യപ്പെട്ട അദ്ദേഹം എംബസിയിലെ വെല്‍ഫെയര്‍ ഓഫീസര്‍ സംസാരിക്കുമെന്നും അറിയിച്ചു. വിഷമിക്കേണ്ടെന്നും ഇന്ത്യന്‍ എംബസി സഹായിക്കുമെന്നും മറുപടി നല്‍കി. അംബാസിഡറുടെ ഉടനടിയുള്ള പ്രതികരണത്തെ വിദേശകാര്യ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

 

Follow Us:
Download App:
  • android
  • ios