ഷാര്‍ജ: നിയന്ത്രണങ്ങളുള്ള മരുന്നുകള്‍ അസുഖങ്ങളൊന്നുമില്ലാത്തവര്‍ക്കും യഥേഷ്‍ടം കുറിച്ചുനല്‍കിയ മനോരോഹ വിദഗ്ധന്‍ അറസ്റ്റിലായി.  മെഡിക്കല്‍ എത്തിക്സിനും നിയമങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ഇയാളുടെ ലൈസന്‍സ് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം റദ്ദാക്കുകയും ഡോക്ടറുടെ വിവരങ്ങള്‍ രാജ്യത്തെ മെഡിക്കല്‍ രജിസ്‍ട്രിയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്‍തു.

ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള നിരവധി യുവാക്കള്‍ ഷാര്‍ജയിലെ ഇയാളുടെ സൈക്യാട്രി ക്ലിനിക്ക് സ്ഥിരമായി സന്ദര്‍ശിക്കുന്നതായി ഷാര്‍ജ പൊലീസിന്റെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ ശ്രദ്ധയില്‍പെട്ടു. ഇതേ തുടര്‍ന്നാണ് ഇക്കാര്യം അന്വേഷിക്കാന്‍ ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിലെയും ഷാര്‍ജ പൊലീസിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ രൂപീകരിച്ചത്. അന്വേഷണ സംഘം നിയോഗിച്ച ഒരാള്‍ ക്ലിനിക്കിലെത്തി ഡേക്ടറോട് പ്രത്യേക മരുന്ന് ആവശ്യപ്പെട്ടു. ഡോക്ടര്‍ ആവശ്യം അംഗീകരിച്ച് മരുന്നിന്റെ കുറിപ്പടി നല്‍കി. രോഗിയെ പരിശോധിക്കുകയോ അയാള്‍ക്ക് ആ മരുന്നിന്റെ ആവശ്യമുണ്ടോയെന്ന് കണ്ടെത്തുകയോ ചെയ്യാതെ മരുന്ന് നല്‍കുന്നുവെന്ന് വ്യക്തമായതോടെയാണ് നടപടിയെടുത്തത്.