റിയാദ്: ദീര്‍ഘകാല വരുമാനമുള്ള മേഖലകളിലും കമ്പനികളിലും കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താനൊരുങ്ങി സൗദി അറേബ്യയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്(പിഐഎഫ്). ഈ വര്‍ഷം തുടക്കത്തില്‍ പ്രമുഖ ഡിജിറ്റല്‍ സേവന ദാതാക്കളായ ജിയോ പ്ലാറ്റ്‌ഫോമുകളുടെ ബിസിനസില്‍ 2.32 ശതമാനം ഓഹരി പിഐഎഫ് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിറ്റല്‍ ഫൈബര്‍ ഒപ്റ്റിക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ പിഐഎഫ് തയ്യാറെടുക്കുന്നത്.

സാമ്പത്തിക വികസനം ലക്ഷ്യമിട്ടാണ് പിഐഎഫ് അന്താരാഷ്ട്ര വിപണികളില്‍ നിക്ഷേപത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങളില്‍ സുപ്രധാന നീക്കമായാണിത് കണക്കാക്കപ്പെടുന്നത്. പ്രാദേശിക അടിത്തറ ശക്തിപ്പെടുത്തിയും അന്താരാഷ്ട്ര വിപണിയില്‍ നിക്ഷേപം വര്‍ധിപ്പിച്ചുമാണ് പിഐഎഫ് പുതിയ നയങ്ങള്‍ രൂപീകരിക്കുന്നത്. ഏറ്റവും നിക്ഷേപ സാധ്യത ഇന്ത്യയിലുണ്ടെന്ന് കണ്ടെത്തിയാണ് പിഐഎഫ് ഫൈബര്‍ ഒപ്റ്റിക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ വലിയ നിക്ഷേപത്തിനൊരുങ്ങുന്നത്. ഭാവിയില്‍ നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള എല്ലാ കമ്പനികളിലും നിക്ഷേപം നടത്താന്‍ പദ്ധതിയുണ്ടെന്ന് പിഐഎഫ് വക്താവ് പറഞ്ഞു.