അറബ് വംശജയായ സ്ത്രീക്കെതിരെയാണ് കേസെടുത്തത്

ദുബൈ: പൊതു സ്ഥലത്ത് മദ്യപിക്കുകയും പോലീസുകാരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത യുവതിക്കെതിരെ കുറ്റം ചുമത്തി ദുബൈ പബ്ലിക് പ്രോസിക്യൂഷൻ. അറബ് വംശജയായ സ്ത്രീക്കെതിരെയാണ് കേസെടുത്തത്. പൊതു സ്ഥലത്ത് മദ്യപിച്ചെത്തി ബഹളം വെക്കുകയും മോശം വാക്കുകൾ ഉപയോ​ഗിച്ച് പോലീസ് ഉദ്യോ​ഗസ്ഥരെ അപകീർത്തിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതിനാണ് ഇവർക്കെതിരെ കേസെടുത്തത്. 

എന്നാൽ, കേസ് കെട്ടിച്ചമച്ചതാണെന്നും താൻ നിരപരാധിയാണെന്നും പറഞ്ഞുകൊണ്ട് സാമൂഹിക മാധ്യമങ്ങൾ വഴി സ്ത്രീ രം​ഗത്തുവന്നു. ഇതേത്തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർക്കെതിരെ ചുമത്തിയിരുന്ന കാര്യങ്ങൾ തെളിയിക്കപ്പെടുകയായിരുന്നു. പ്രവാസികളെന്നോ പൗരന്മാരെന്നോ വ്യത്യാസമില്ലാതെ രാജ്യത്തെ നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും നിയമം ലംഘിക്കുന്നവർ തക്കതായ ശിക്ഷയ്ക്ക് അർഹതപ്പെട്ടവരാണെന്നും പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. യുവതിക്കെതിരെയുള്ള കേസ് കൂടുതൽ നിയമ നടപടികൾക്കായി ദുബൈ ക്രമിനൽ കോടതിക്ക് കൈമാറിയിട്ടുണ്ട്. 

read more: 30 വർഷത്തിലേറെ നീണ്ട പ്രവാസ ജീവിതം; മലയാളി സൗദിയിൽ നിര്യാതനായി

ദുബൈയിൽ സാധുവായ ലൈസൻസുള്ള റസ്റ്റോറന്റുകളിലോ ലോഞ്ചുകളിലോ മാത്രമാണ് മദ്യപിക്കാനുള്ള അനുമതി നൽകിയിരിക്കുന്നത്. പൊതുയിടങ്ങളിൽ മദ്യപിക്കുന്നത് ശിക്ഷയർഹിക്കുന്ന കുറ്റമാണ്.