സൗദി കിഴക്കൻ പ്രവിശ്യയിലെ മരുഭൂമിയിൽ പഞ്ചാബ് സ്വദേശിയായ ട്രക്ക് ഡ്രൈവർ പാമ്പ് കടിയേറ്റ് മരിച്ചു. കാണാതായി രണ്ട് ദിവസത്തിന് ശേഷം മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ ദുരൂഹതകളില്ലെന്ന് തെളിഞ്ഞു. മലയാളികളുടെ സഹായത്തോടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിനിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ അകലെ മരുഭൂമിയിൽ പഞ്ചാബ് സ്വദേശി പാമ്പ് കടിയേറ്റ് മരിച്ചു. ഗർവിന്ദർ സിങ്ങിെൻറ (26) മൃതദേഹം മലയാളികളുടെ ശ്രമഫലമായി നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കരിച്ചു.
ഷിപ്പിങ് കമ്പനിയിൽ ട്രക്ക് ഡ്രൈവറായിരുന്ന ഗർവിന്ദർ സിങ്ങിനെക്കുറിച്ച്, ട്രക്കുമായി യാത്ര തിരിച്ചതിന് ശേഷം രണ്ട് ദിവസത്തോളം വിവരമൊന്നുമില്ലായിരുന്നു. തുടർന്ന് വാഹനത്തിെൻറ ജിപിഎസ് പരിശോധിച്ചാണ് ട്രക്ക് കണ്ടെത്തിയത്. എന്നാൽ ഇദ്ദേഹത്തെ സംഭവസ്ഥലത്ത് കാണാത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിൽ, ട്രക്ക് നിർത്തിയിട്ടിരുന്ന സ്ഥലത്തിന് സമീപമുള്ള മരുഭൂമിയിൽ നിന്ന് ഗർവിന്ദറിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വാഹനത്തിന് കേടുപാടുകളൊന്നും സംഭവിച്ചിരുന്നില്ലെന്നും, ആവശ്യത്തിന് ഇന്ധനവും മൊബൈൽ ഫോൺ, പഴ്സ് തുടങ്ങിയ വ്യക്തിഗത വസ്തുക്കളും ട്രക്കിൽ തന്നെ ഉണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് നടന്ന ഫോറൻസിക് പരിശോധനയിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പാമ്പ് കടിയേറ്റതാണ് മരണകാരണമെന്ന് അധികൃതർ സ്ഥിരീകരിച്ചു. ദുരൂഹതകളോ മറ്റ് കുറ്റകൃത്യങ്ങളുടെ സൂചനകളോ ഇല്ലെന്ന് വ്യക്തമായതോടെ നടപടികൾ വേഗത്തിലാക്കി.
ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ഹഫർ അൽ ബാത്തിൻ ഒ.ഐ.സി.സി പ്രസിഡൻറ് വിബിൻ മറ്റത്താണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്. അമൃത്സർ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കാരം നടത്തി. ബാൽവിന്ദർ സിങ് - ബാൽവിന്ദർ കൗർ ദമ്പതികളുടെ മകനാണ് ഗർവിന്ദർ സിങ്. ഭാര്യ: ഗുർപീത് കൗർ. ദീർഘദൂര ട്രക്ക് ഡ്രൈവർമാർക്കും മരുഭൂമി മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ഈ സംഭവം ഒരു മുന്നറിയിപ്പാണ്. മരുഭൂമി പ്രദേശങ്ങളിൽ വാഹനം നിർത്തി പുറത്തിറങ്ങുന്ന സാഹചര്യങ്ങളിൽ ചുറ്റുപാടുകൾ കൃത്യമായി നിരീക്ഷിക്കണമെന്നും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ ഓർമിപ്പിക്കുന്നു.


