ആഴ്‍ചയില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്ക് വാക്സിന്‍ നല്‍കേണ്ടതുണ്ട്. രാജ്യത്ത് 27 കൊവിഡ് വാക്സിനേഷന്‍ സെന്ററുകള്‍ ആഴ്‍ചയില്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കുകയാണ്.

ദോഹ: രാജ്യത്തെ ജനങ്ങളില്‍ അര്‍ഹരായ 90 ശതമാനം പേര്‍ക്കും ഈ വര്‍ഷം അവസാനത്തോടെ കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് ഖത്തര്‍. നാഷണല്‍ ഹെല്‍ത്ത് സ്‍ട്രാറ്റജിക് ഗ്രൂപ്പ് തലവനും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് മേധാവിയുമായ ഡോ. അബ്‍ദുല്‍ ലത്തീഫ് അല്‍ ഖാലാണ് ഇക്കാര്യം അറിയിച്ചത്.

ആഴ്‍ചയില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്ക് വാക്സിന്‍ നല്‍കേണ്ടതുണ്ട്. രാജ്യത്ത് 27 കൊവിഡ് വാക്സിനേഷന്‍ സെന്ററുകള്‍ ആഴ്‍ചയില്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കുകയാണ്. രാവിലെ ഏഴ് മണി മുതല്‍ രാത്രി 11 വരെ ഇവിടങ്ങളില്‍ വാക്സിന്‍ നല്‍കുന്നു. ഇതിന് പുറമെ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പുതിയ വാക്സിനേഷന്‍ കേന്ദ്രം അടുത്തിടെ തുറന്നു. ഇവിടെ പ്രതിദിനം 8000 ഡോസുകള്‍ വരെ നല്‍കാനാവും.

വിവിധ സ്ഥാപനങ്ങളിലെയും മന്ത്രാലയങ്ങളിലെയും നഴ്‍സുമാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഇവര്‍ വഴി അതത് സ്ഥാപനങ്ങളിലുള്ളവര്‍ക്ക് അവിടെ വെച്ച് തന്നെ വാക്സിന്‍ നല്‍കുന്നു. പ്രായമായവര്‍ക്ക് വീട്ടിലെത്തി വാക്സിന്‍ നല്‍കുന്ന സംവിധാനത്തിനും മന്ത്രാലയം അടുത്തിടെ തുടക്കം കുറിച്ചു. അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇതോടൊപ്പം വീട്ടില്‍ വെച്ചുതന്നെ വാക്സിന്‍ നല്‍കും. കൊവിഡ് ബാധിതരതെന്ന് സംശയിക്കപ്പെടുന്നവരുടെ ക്വാറന്റീനും നിരീക്ഷണവും ചികിത്സയും അടക്കമുള്ള കാര്യങ്ങളും ഇതോടൊപ്പം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.