വിമാനത്തില്‍  314 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ലാന്‍ഡ് ചെയ്യാന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന സമയത്തിനേക്കാള്‍ 20 മിനിറ്റ് മുമ്പാണ് തകരാര്‍ കണ്ടെത്തിയത്. 

ചെന്നൈ: 314 യാത്രക്കാരുമായി പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിങ്. തിങ്കളാഴ്ച രാവിലെ ദോഹയില്‍ നിന്ന് പുറപ്പെട്ട വിമാനം ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. വിമാനത്തിലെ ക്രിട്ടിക്കല്‍ ബ്രേക്ക് സിസ്റ്റം തകരാറിലായത് പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. 

ഖത്തര്‍ എയര്‍വേയ്സിന്‍റെ ക്യൂആര്‍528 വിമാനം ദോഹയില്‍ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ടതാണ്. എന്നാല്‍ ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ നിശ്ചയിച്ചിരുന്നതിലും 20 മിനിറ്റ് മുമ്പ് പൈലറ്റ് വിമാനത്തിലെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടനടി വിമാനം ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. പൈലറ്റ് എയര്‍ ട്രാഫിക് കൺട്രോള്‍ വിഭാഗവുമായി ബന്ധപ്പെട്ട എയര്‍പോര്‍ട്ടില്‍ എമര്‍ജന്‍സി പ്രോട്ടോക്കോള്‍ ആരംഭിച്ചു. തുടര്‍ന്ന് പുലര്‍ച്ചെ 2.30ഓടെ വിമാനം സുരക്ഷിതമായി ലാന്‍ഡ‍് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. 

Read Also -  10 വ‍‍ർഷം മുമ്പ് ഗ്യാ​ര​ണ്ടി​യാ​യി നൽകിയ ബ്ലാങ്ക് ചെക്ക്, ചതിച്ചത് സുഹൃത്ത്, കയ്യക്ഷരം തുണച്ചതോടെ നഷ്ടപരിഹാരം

ചെന്നൈ വിമാനത്താവളത്തില്‍ ഇറക്കിയ വിമാനം എഞ്ചിനീയറിങ് ടീം പരിശോധിച്ച് തകരാര്‍ ശരിയാക്കി. ബ്രേക്ക് സംവിധാനം പൂര്‍ണമായും പ്രവര്‍ത്തക്ഷമമാണെന്ന് ഉറപ്പാക്കിയതിന് ശേഷം രാവിലെ 4.50ഓടെ ചെന്നൈയില്‍ നിന്ന് തിരികെ വിമാനം ദോഹയിലേക്ക് പുറപ്പെട്ടു. നേരത്തെ നിശ്ചയിച്ചിരുന്നതിനും 30 മിനിറ്റ് വൈകിയാണ് വിമാനം പുറപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം