യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ഖത്തർ എയർവേയ്സ്. ഒക്ടോബർ 12 മുതൽ യൂറോപ്യൻ യൂണിയനിൽ പുതിയ എൻട്രി/എക്സിറ്റ് സിസ്റ്റം ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്ന് എയർലൈൻ അറിയിച്ചു.
ദോഹ: യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഖത്തർ എയർവേയ്സ്. ഒക്ടോബർ 12 മുതൽ യൂറോപ്യൻ യൂണിയനിൽ പുതിയ എൻട്രി/എക്സിറ്റ് സിസ്റ്റം (ഇ.ഇ.എസ്) ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്ന് എയർലൈൻ അറിയിച്ചു.
ഷെൻഗൻ മേഖലയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലെ പൗരന്മാരുടെ പ്രവേശനവും പുറപ്പെടലും സംബന്ധിച്ച നടപടികളിൽ ഈ മാറ്റം ബാധകമാകും. അതിനാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് പോകുന്നവർ ഈ പുതിയ നിയമങ്ങളും ആവശ്യകതകളും മനസിലാക്കണമെന്ന് ഖത്തർ എയർവേയ്സ് ആവശ്യപ്പെട്ടു. യാത്രക്കാർ കൂടുതൽ വിവരങ്ങൾക്കും പുതുക്കിയ മാർഗനിർദേശങ്ങൾക്കും യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണമെന്ന് എയർലൈൻ അറിയിച്ചു. പുതിയ ഇ.ഇ.എസ് സംവിധാനത്തിലൂടെ യാത്രക്കാരുടെ പ്രവേശന-പുറപ്പെടൽ വിവരങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തും. ഇതിലൂടെ പാസ്പോർട്ടിലെ സ്റ്റാമ്പിംഗ് രീതി അവസാനിപ്പിക്കും.
സൈപ്രസ്, അയർലൻഡ് ഒഴികെയുള്ള എല്ലാ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും ഹ്രസ്വകാല താമസത്തിനായി എത്തുന്ന യൂറോപ്യൻ യൂണിയൻ ഇതര പൗരന്മാരോട് ഓട്ടോമേറ്റഡ് കിയോസ്‌ക്കുകളിൽ അവരുടെ പാസ്‌പോർട്ട് നമ്പർ, വിരലടയാളം, ഫോട്ടോ എന്നിവ നൽകാൻ ആവശ്യപ്പെടും.
യൂറോപ്പിലേക്ക് യാത്രക്ക് ഒരുങ്ങുന്നവർ പുതിയ മാറ്റങ്ങൾ മനസിലാക്കണമെന്നും അല്ലെങ്കിൽ പ്രവേശന സമയത്ത് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാമെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി.
