ദോഹ: സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങളുടെ വിലക്ക് കാരണം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 25 കോടി റിയാലിന്റെ (500 കോടിയോളം ഇന്ത്യന്‍ രൂപ) നഷ്ടമുണ്ടായെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. ഖത്തര്‍ ഭരണകൂടവുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് 2017 ജൂണ്‍ മുതലാണ് സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ബഹറൈന്‍ എന്നീ രാജ്യങ്ങള്‍ ഖത്തര്‍ എയര്‍വേയ്സിന് വിലക്കേര്‍പ്പെടുത്തിയത്.

പ്രതിസന്ധികള്‍ നിറഞ്ഞ വര്‍ഷം തങ്ങളുടെ സാമ്പത്തിക നേട്ടത്തിലും പ്രത്യാഘാതമുണ്ടാക്കിയെന്ന് ഖത്തര്‍ എയര്‍വേയ്സ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേകര്‍ അറിയിച്ചു. മുന്‍ വര്‍ഷം 32 മില്യന്‍ യാത്രക്കാരുണ്ടായിരുന്നത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 29.2 മില്യനായി കുറഞ്ഞു. അറബ് രാജ്യങ്ങളുടെ തര്‍ക്കം കാരണം 18 നഗരങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തേണ്ടിവരികയും ചില റൂട്ടുകളിലേക്ക് നേരിട്ട് ദീര്‍ഘദൂര സര്‍വ്വീസ് നടത്തേണ്ടിവരികയും ചെയ്യുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.