2024-25 സാമ്പത്തിക വർഷം 785 കോടി റിയാൽ ലാഭം നേടി
ദോഹ: 2024-25 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് ലാഭം നേടി ഖത്തറിന്റെ ദേശീയ എയർലൈൻ കമ്പനിയായ ഖത്തർ എയർവേസ്. കമ്പനി പുറത്തുവിട്ട സാമ്പത്തിക റിപ്പോർട്ട് പ്രകാരം 785 കോടി റിയാലിന്റെ ലാഭമാണ് ഖത്തർ എയർവേസ് സ്വന്തമാക്കിയത്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 170 കോടിയാണ് ലാഭത്തിലെ വർധന. മുൻ വർഷത്തേക്കാൾ 28 ശതമാനത്തിന്റെ കുതിപ്പ് രേഖപ്പെടുത്തി.
ഖത്തർ എയർവേസ് ഗ്രൂപ്പിനു കീഴിലെ യാത്രാ വിമാനം മുതൽ കാർഗോ, കാറ്ററിങ്, ഡ്യൂട്ടി ഫ്രീ തുടങ്ങിയ വിഭാഗങ്ങൾ എന്നിവ ഉൾപ്പെടെയാണ് സാമ്പത്തിക റിപ്പോർട്ട് പുറത്തുവിട്ടത്. കാർഗോ സർവീസിൽ 17 ശതമാനം വരുമാന വർധനവുണ്ടായി. കോവിഡ് കാലഘട്ടത്തിന് ശേഷമുള്ള ഏറ്റവും മികച്ച സാമ്പത്തിക വളർച്ചയാണിതെന്ന് അധികൃതർ അറിയിച്ചു. വിപണിയിലെ മാറ്റങ്ങളോടുള്ള ദ്രുതഗതിയിലുള്ള പ്രതികരണം, ഡിജിറ്റൽ ഉപകരണങ്ങളുടെ സമർത്ഥമായ ഉപയോഗം, മികച്ച ഡാറ്റ വിശകലനം, സേവന മികവ് തുടങ്ങിയവയാണ് നേട്ടത്തിന് കാരണമായി വിലയിരുത്തുന്നത്.
അന്താരാഷ്ട്രതലത്തിൽ അവാർഡുകൾ നേടിയ ക്യൂ സ്യൂട്ട്, ഫൈൻ ഡൈനിങ്, യാത്രക്കാർക്ക് 35,000 അടി ഉയരത്തിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന സ്റ്റാർലിങ്ക് കണക്ടിവിറ്റി തുടങ്ങിയവയെല്ലാം എയർലൈൻ മേഖലയിൽ ഖത്തർ എയർവേസിന് സ്വീകാര്യത വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ഖത്തർ എയർവേസ് നിരവധി സുപ്രധാന ചുവടുവയ്പ്പുകൾ നടത്തി. ബോയിംഗ് 777 വിമാനങ്ങളിൽ സ്റ്റാർലിങ്ക് ഹൈ സ്‌പീഡ് വൈഫൈ സ്ഥാപിച്ച മിന മേഖലയിലെ ആദ്യത്തെ എയർലൈൻ ഖത്തർ എയർവേസ് ആണ്.
പ്രതിവർഷം 65 മില്യൺ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിച്ചത് എയർലൈനിന് ഗുണകരമായി. ലോകത്തിലെ ആദ്യത്തെ ഡിജിറ്റൽ കാബിൻ ക്രൂ ആയ സമയെ അവതരിപ്പിച്ചു. വിർജിൻ ഓസ്‌ട്രേലിയയിൽ 25 ശതമാനം ഓഹരികളും ദക്ഷിണാഫ്രിക്കയിലെ മുൻനിര പ്രാദേശിക എയർലൈനായ എയർലിങ്കിൽ 25 ശതമാനം ഓഹരികളും ഖത്തർ എയർവേസ് ഗ്രൂപ്പ് വാങ്ങിയത് കഴിഞ്ഞ സാമ്പത്തിക വർഷത്തിലായിരുന്നു. സ്കൈട്രാക്സ് ഉൾപ്പെടെ ലോകത്തെ മികച്ച എയർലൈൻസ് പട്ടികയിലും ഒന്നാമതെത്തിയിരുന്നു.
ആഗോള സമ്പദ്ഘടനയിലും ഏവിയേഷൻ മേഖലയിലുമുള്ള ഖത്തർ എയർവേസിന്റെ ഉയർന്ന സ്ഥാനമാണ് സാമ്പത്തിക റിപ്പോർട്ട് അടിയവരയിടുന്നതെന്ന് ചെയർമാൻ സഅദ് ഷെരീദ അൽ കഅബി പറഞ്ഞു. ജീവനക്കാർ ഉൾപ്പെടെ കരുത്തരായ സംഘത്തിന്റെ കഠിനാധ്വാനത്തിന്റെയും മികവിന്റെയും സമർപ്പണത്തിന്റെ സാക്ഷ്യമാണ് ഈ നേട്ടമെന്ന് ഗ്രൂപ്പ് സിഇഒ ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനം ചെയ്യുന്ന 55,000ത്തോളം വരുന്ന ജീവനക്കാരുടെ സമർപ്പണത്തെയും അദ്ദേഹം അഭിനന്ദിച്ചു. ദീർഘകാല വളർച്ചയെ പിന്തുണയ്ക്കുന്നതിനും ഖത്തറിന്റെ നാഷണൽ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും നിരവധി സാങ്കേതിക കരാറുകളിൽ ഒപ്പുവച്ചതായും അദ്ദേഹം പരാമർശിച്ചു.


