ദോഹ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മുന്‍നിര പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവുമായി ഖത്തര്‍ എയര്‍വേസ്. ഒരു ലക്ഷം പേര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുമെന്ന് ഖത്തര്‍ എയര്‍വേസ് അറിയിച്ചു. അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിന്‍റെ ഭാഗമായാണ് ഖത്തര്‍ എയര്‍വേസിന്റെ പ്രഖ്യാപനം.  

മെയ് 12 മുതല്‍ ഈമാസം 18 വരെയുള്ള സമയങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ടിക്കറ്റിനായി രജിസ്റ്റര്‍ ചെയ്യാം. ഡോക്ടര്‍മാര്‍, മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ലാബ് ടെക്നീഷ്യന്മാര്‍, ക്ലിനിക്കല്‍ റിസര്‍ച്ചര്‍, ഫാര്‍മസിസ്റ്റ് എന്നിവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് qatarairways.com/ThankYouHeroes എന്ന വെബ്‌പേജില്‍ ഫോം പൂരിപ്പിച്ച് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണനാക്രമപ്രകാരം പ്രൊമോഷന്‍ കോഡ് ലഭിക്കും.

ലോകത്തെ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സൗജന്യ ടിക്കറ്റിന് അര്‍ഹതയുണ്ട്. അപേക്ഷാ പ്രക്രിയ സുതാര്യമാക്കുന്നതിന് ഓരോ രാജ്യത്തും ജനസംഖ്യ അനുസരിച്ച് ദിവസം നിശ്ചിത ടിക്കറ്റുകള്‍ നീക്കി വെക്കും. ദിവസവും രാത്രി 12.01 ന് അതത് ദിവസത്തെ ടിക്കറ്റ് അലോക്കേഷന്‍ പുറത്തുവിടും. പ്രമോഷന്‍ കോഡ് ലഭിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഖത്തര്‍ എയര്‍വേസ് സര്‍വ്വീസ് നടത്തുന്ന ഏത് രാജ്യത്തേക്കും രണ്ട് എക്കണോമി ക്ലാസ് റിട്ടേണ്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഒന്ന് സ്വന്തം പേരിലും മറ്റൊന്ന് സഹയാത്രികന്റെയോ സഹയാത്രികയുടെയോ പേരിലും. നവംബര്‍ 26ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യണം. 2020 ഡിസംബര്‍ 10 വരെയുള്ള യാത്രയ്ക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാവുക. യാത്ര ചെയ്യേണ്ട സ്ഥലമോ തീയതിയോ പ്രത്യേക ഫീസ് ഇല്ലാതെ മാറ്റാവുന്നതുമാണ്.