തുടര്‍ച്ചയായ ഒമ്പതാം വര്‍ഷമാണ് ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനുള്ള സ്കൈട്രാക്സിന്‍റെ പുരസ്കാരം ഖത്തര്‍ എയര്‍വേയ്സിന് ലഭിക്കുന്നത്.
ദോഹ: ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ഖത്തര്‍ എയര്‍വേയ്സ്. ഏറ്റവും മികച്ച എയര്‍ലൈന്‍ എന്നതടക്കം സ്കൈട്രാക്സിന്‍റെ ഈ വര്‍ഷത്തെ നാല് പുരസ്കാരങ്ങളാണ് ഖത്തര്‍ എയര്‍വേയ്സ് സ്വന്തമാക്കിയത്. സിംഗപ്പൂർ എയർലൈൻസ് ആണ് ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ എയർലൈൻ.
തുടര്‍ച്ചയായ ഒമ്പതാം വര്‍ഷമാണ് ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനുള്ള സ്കൈട്രാക്സിന്‍റെ പുരസ്കാരം ഖത്തര്‍ എയര്‍വേയ്സിനെ തേടിയെത്തുന്നത്. വ്യോമയാന രംഗത്തെ പ്രധാന പുരസ്കാരങ്ങളിലൊന്നാണ് രാജ്യാന്തര വ്യോമഗതാഗത റേറ്റിങ് സംഘടനയായ സ്കൈട്രാക്സിന്റേത്. ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ എന്നതിന് പുറമെ 12–ാം തവണയും ലോകത്തിലെ മികച്ച ബിസിനസ് ക്ലാസ്, 13–ാം തവണയും മിഡിൽ ഈസ്റ്റിലെ മികച്ച എയർലൈൻ, ഏഴാമതും മികച്ച ബിസിനസ് ക്ലാസ് എയർലൈൻ ലോഞ്ച് എന്നീ പുരസ്കാരങ്ങളാണ് ഖത്തർ എയർവേയ്സ് നേടിയത്. പാരീസിൽ നടക്കുന്ന രാജ്യാന്തര എയർഷോയിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഖത്തർ എയർവേയ്സിന്റെ അൽ മുർജാൻ ലോഞ്ചിനാണ് മികച്ച ബിസിനസ് ക്ലാസ് എയർലൈൻ ലോഞ്ചിനുള്ള പുരസ്കാരം ലഭിച്ചത്.
