തലസ്ഥാന നഗരിയായ മാഡ്രിഡില്‍ സര്‍സുവേല കൊട്ടാരത്തില്‍ സ്പാനിഷ് രാജാവ് ഫിലിപ്പ് ആറാമനും രാജ്ഞി ലെറ്റിസിയക്കുമൊപ്പമുളള ഗ്രൂപ്പ് ഫോട്ടോയിലാണ് ഖത്തര്‍ അമീറിന്‍റെ പത്നി ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

മാഡ്രിഡ്: ആദ്യമായി ഔദ്യോഗിക ചടങ്ങില്‍ പ്രത്യക്ഷപ്പെട്ട് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ പത്നി ശൈഖ ജവാഹിര്‍ ബിന്‍ത് ഹമദ് ബിന്‍ സുഹൈം അല്‍ഥാനി. ഖത്തര്‍ അമീര്‍ നടത്തുന്ന സ്പെയിന്‍ സന്ദര്‍ശനത്തിനിടെയാണ് അമീറിന്‍റെ പത്നിയുടെ ചിത്രങ്ങളും പുറത്തുവന്നത്. 

തലസ്ഥാന നഗരിയായ മാഡ്രിഡില്‍ സര്‍സുവേല കൊട്ടാരത്തില്‍ സ്പാനിഷ് രാജാവ് ഫിലിപ്പ് ആറാമനും രാജ്ഞി ലെറ്റിസിയക്കുമൊപ്പമുളള ഗ്രൂപ്പ് ഫോട്ടോയിലാണ് ഖത്തര്‍ അമീറിന്‍റെ പത്നി ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 2013ല്‍ ഖത്തര്‍ അമീറായി സ്ഥാനമേറ്റ ശേഷം ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി നടത്തുന്ന ആദ്യ സ്പെയിന്‍ സന്ദര്‍ശനമാണിത്.

സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാന്‍ചെസുമായും ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച നടത്തി. സ്പാനിഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ മൊന്‍ക്ലോവ കൊട്ടാരത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

സാമ്പത്തിക, വാണിജ്യ മേഖലകളില്‍ ഇരു രാജ്യങ്ങളും നിരവധി കരാറുകള്‍ ഒപ്പുവെച്ചു. പിതൃസഹോദര പുത്രിയും മുന്‍ ഖത്തര്‍ അമീര്‍ ശൈഖ് ഖലീഫ ബിന്‍ ഹമദ് അല്‍ഥാനിയുടെ പേരമകളുമായ ശൈഖ ജവാഹിറിനെ 2005ല്‍ ആണ് ശൈഖ് തമീം വിവാഹം ചെയ്തത്. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്.