ദോഹ: ഖത്തറില്‍ 929 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10287 ആയി. അതേസമയം ഇന്ന് 83 പേര്‍ക്ക് രോഗം ഭേദമായതോടെ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 1012  ആയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

10 പേരാണ് ഇതുവരെ ഖത്തറില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ രോഗം സ്ഥിരീകരിച്ചവരില്‍ 9265 പേര്‍ ഇപ്പോഴും ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 2584 പേരെ പരിശോധിച്ചു. ഇതുവരെ 82289 പേരെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിഞ്ഞു. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിപക്ഷവും വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന പ്രവാസി തൊഴിലാളികളാണ്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗബാധയുണ്ടായത്. വ്യവസായ മേഖലകള്‍ക്ക് പുറത്ത് താമസിക്കുന് വിദേശികളിലും കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരകരിച്ചവരെയെല്ലാം ക്വാറന്റൈനിലാക്കി മതിയായ ചികിത്സ ഉറപ്പാക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.