ദോഹ: ഖത്തറില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 42 വയസുകാരനായ പ്രവാസിയാണ് മരിച്ചത്. ഇദ്ദേഹത്തിന് നേരത്തെ തന്നെ ഗുരുതരമായ മറ്റ് രോഗങ്ങളുണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയ അധികൃതര്‍ നിര്യാണത്തില്‍ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

ഇന്ന് 251 പേര്‍ക്കാണ് ഖത്തറില്‍ പുതിയതായി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 2979 ആയി. 275 പേര്‍ ഇതിനോടകം സുഖം പ്രാപിച്ചു. ഏഴ് പേരാണ് മരണപ്പെട്ടത്. ബാക്കി 2697 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ച സ്വദേശികളുമായും വിദേശികളുമായും സമ്പര്‍ക്കത്തിലായിരുന്നവരിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാവരെയും ഐസോലേഷനിലാക്കി മതിയായ ചികിത്സ ലഭ്യമാക്കി വരികയാണ്.  രാജ്യത്ത് ഇതുവരെ 49,102 പേരെ കൊവിഡ് പരിശോധയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.