ഖത്തറിൽ ആദ്യമായി മനുഷ്യരില്ലാതെ പൂർണമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി നിയന്ത്രിച്ച എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി. പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗത്തിലൂടെ ഖത്തറിനെ സ്മാർട്ട് ഗതാഗതത്തിൽ ആഗോള തലത്തിൽ ഒന്നാമത് എത്തിക്കുകയാണ് ലക്ഷ്യം.

ദോഹ: സ്മാർട്ട് ഗതാഗതത്തിൽ വൻ കുതിപ്പിനൊരുങ്ങി ഖത്തറിൽ ആദ്യമായി മനുഷ്യരില്ലാതെ പൂർണമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി നിയന്ത്രിച്ച എയർ ടാക്സി(eVTOL) വിജയകരമായി പറന്നു. ഓൾഡ് ദോഹ പോർട്ടിനും കതാറ കൾച്ചറൽ വില്ലേജിനും ഇടയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ എയർ ടാക്സി പറന്നത്. പൈലറ്റ് രഹിത എയർ ടാക്സിയുടെ പരീക്ഷണ പറക്കൽ വിജയകരമായതോടെ രാജ്യത്ത് സ്മാർട്ട്, പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ സ്വീകരിക്കുന്നതിനുള്ള പദ്ധതിയിലെ ഒരു പ്രധാന ചുവടുവയ്പ്പ് കൂടിയായി. 

സാങ്കേതികവിദ്യ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ഭാവിയിൽ ഇത് എങ്ങനെ ഉപയോഗിക്കാമെന്നും പരിശോധിക്കുന്നതിനായി ഖത്തർ ഗതാഗത മന്ത്രാലയം നടത്തിയ പരീക്ഷണ പരമ്പരയുടെ ഭാഗമാണ് ഈ എയർ ടാക്സി ഡെമോ ഫ്ലൈറ്റ്. പരീക്ഷണ പറക്കലിന് ഗതാഗത മന്ത്രി ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ താനി സാക്ഷിയായി. ഖത്തറിന്റെ ഹൈടെക് ഗതാഗതത്തിന്റെ ഭാവിയിലേക്കുള്ള വാതിൽ തുറക്കുന്ന ചരിത്ര നിമിഷമാണിതെന്ന് ഗതാഗത മന്ത്രി പ്രതികരിച്ചു.

മനുഷ്യ നിയന്ത്രണമില്ലാതെ ഒരു എ.ഐ പവേർഡ് സെൽഫ് കൺട്രോൾ സംവിധാനവും നൂതന എയർ നാവിഗേഷൻ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് എയർ ടാക്സി നിയന്ത്രിച്ചത്. ഈ സംവിധാനത്തിന് വ്യോമാതിർത്തി സുരക്ഷിതമായും കാര്യക്ഷമമായും ഉപയോഗിക്കാൻ കഴിയുമെന്ന് കണ്ടെത്തി. ഭാവിയിലെ നഗര ട്രാഫിക് പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നതും വേഗതയും സുരക്ഷയും കൂട്ടുമെന്നതും എയർ ടാക്സിയുടെ ഏറ്റവും വലിയ നേട്ടമാണ്.

ഭാവിയിൽ രാജ്യത്ത് ഇത്തരത്തിലുള്ള ഗതാഗതം അംഗീകരിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ആവശ്യമായ നിയമങ്ങളും ചട്ടങ്ങളും സാങ്കേതിക ആവശ്യകതകളും തയ്യാറാക്കുന്നതും, അതിന്റെ ഭാഗമായി പരീക്ഷണങ്ങൾ നടത്തുന്നതും ഫലങ്ങൾ പഠിക്കുന്നതും ഗതാഗത മന്ത്രാലയം തുടരും.

പൈലറ്റ്‌ലെസ് എയർ ടാക്സി പദ്ധതി പല ഘട്ടങ്ങളിലായി മുന്നോട്ട് പോകും. അടിസ്ഥാന സൗകര്യങ്ങൾ, വിവിധ സുരക്ഷാ, ഗുണനിലവാര മാനദണ്ഡങ്ങൾ തുടങ്ങി എല്ലാ സാങ്കേതിക, പ്രവർത്തന, നിയന്ത്രണ ആവശ്യങ്ങളും ഓരോ ഘട്ടത്തിലും പരിശോധിക്കും. പരീക്ഷണ ഫലങ്ങൾ പരിശോധിച്ച് സുരക്ഷ, നിയമങ്ങൾ, സംവിധാനങ്ങൾ എന്നിവ തയ്യാറാക്കി ഈ എയർ ടാക്സികളെ യഥാർത്ഥ നഗര യാത്രയ്‌ക്ക് ഉപയോഗിക്കാൻ മന്ത്രാലയം പദ്ധതിയിടുകയാണ്. ഖത്തറിന്റെ മൊബിലിറ്റി നെറ്റ്‌വർക്കിലേക്ക് ഈ പുതിയ ഗതാഗത സംവിധാനം സുരക്ഷിതമായി ഉൾപ്പെടുത്താൻ കഴിയുമെന്ന് ഉറപ്പാക്കും.

Scroll to load tweet…