Asianet News MalayalamAsianet News Malayalam

മധുവിധു ആഘോഷിക്കാനെത്തി ഖത്തറില്‍ ജയിലിലടയ്ക്കപ്പെട്ട ഇന്ത്യന്‍ ദമ്പതികളുടെ ശിക്ഷ പുനഃപരിശോധിക്കാന്‍ ഉത്തരവ്

വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷം മധുവിധു ആഘോഷിക്കാനായാണ് ദമ്പതികള്‍ ഖത്തറിലെത്തിയത്. ഹണിമൂണ്‍ സ്‌പോണ്‍സര്‍ ചെയ്ത ബന്ധു ഖത്തറിലുള്ള ഒരു സുഹൃത്തിന് കൈമാറാന്‍ വേണ്ടി ഇവരുടെ കൈവശം ഏല്‍പ്പിച്ച പാക്കറ്റിലായിരുന്നു ലഹരിമരുന്ന് ഉണ്ടായിരുന്നത്.

qatar court orders review in Mumbai couples conviction for drug trafficking
Author
Doha, First Published Feb 9, 2021, 9:21 PM IST

ദോഹ: ലഹരിമരുന്ന് കടത്തിയെന്ന് ആരോപിച്ച് ഖത്തറില്‍ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ ദമ്പതികളുടെ കേസ് പുനഃപരിശോധിക്കാന്‍ ഖത്തര്‍ പരമോന്നത കോടതി ഉത്തരവിട്ടു. കേസ് വീണ്ടും പരിഗണിക്കാന്‍ അപ്പീല്‍ കോടതിക്ക് നിര്‍ദ്ദേശം നല്‍കി. 10 വര്‍ഷം തടവുശിക്ഷയും ഒരു കോടി രൂപ പിഴയുമാണ് ദമ്പതികള്‍ക്ക് കോടതി വിധിച്ചിരുന്നത്. 

2019 ജൂലൈയിലാണ് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് മുംബൈ സ്വദേശികളായ മുഹമ്മദ് ഷരീഖിനെയും ഭാര്യ ഒനിബ ഖുറേഷിയെയും പൊലീസ് പിടികൂടുന്നത്. ഇവരുടെ ലഗേജില്‍ നിന്ന് 4.1 കിലോഗ്രാം ഹാഷിഷ് പൊലീസ് കണ്ടെത്തി. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷം മധുവിധു ആഘോഷിക്കാനായാണ് ദമ്പതികള്‍ ഖത്തറിലെത്തിയത്. ഹണിമൂണ്‍ സ്‌പോണ്‍സര്‍ ചെയ്ത ബന്ധു ഖത്തറിലുള്ള ഒരു സുഹൃത്തിന് കൈമാറാന്‍ വേണ്ടി ഇവരുടെ കൈവശം ഏല്‍പ്പിച്ച പാക്കറ്റിലായിരുന്നു ലഹരിമരുന്ന് ഉണ്ടായിരുന്നത്. തന്റെ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച സമയത്താണ് ഒനിബയും ഭര്‍ത്താവും ഖത്തറിലെത്തിയതും പിന്നീട് ലഹരിമരുന്ന് കടത്തിയെന്ന കേസില്‍ ശിക്ഷിക്കപ്പെട്ടതും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഖത്തറില്‍ വെച്ച് ഒനിബ തന്‍റെ ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കി.

ഒരു വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ മുംബൈ പൊലീസും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും(എന്‍സിബി) ദമ്പതികള്‍ നിരപരാധികളാണെന്നും ബന്ധുവായ തബസ്സം ആണ് ഇവരെ കുരുക്കിലാക്കിയതെന്നും കണ്ടെത്തിയിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ തബസ്സവും കൂട്ടാളിയായ നിസാം കാരയും മുംബൈ പൊലീസിന്റെ പിടിയിലായി. ഇവരില്‍ നിന്ന് 13 ഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുപ്രധാന വെളിപ്പെടുത്തലുകള്‍ നടന്നതെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ കേസ് വീണ്ടും പരിഗണിക്കാനുള്ള ഖത്തര്‍ പരമോന്നത കോടതിയുടെ ഉത്തരവ് വന്നതോടെ പ്രതീക്ഷയിലാണ് ദമ്പതികളുടെ കുടുംബം.

(ചിത്രം- മുഹമ്മദ് ഷരീഖും ഭാര്യ ഒനിബ ഖുറേഷിയും)

Follow Us:
Download App:
  • android
  • ios