ഓഫീസുകളില്‍ ഹാജരാവുന്ന ജീവനക്കാരുടെ പ്രവൃത്തി സമയമാവട്ടെ നാല് മണിക്കൂറായി കുറച്ചിട്ടുമുണ്ട്.  രാവിലെ ഏഴ് മണി മുതല്‍ 11 മണി വരെയായിരിക്കും ഇവരുടെ ജോലി സമയം. സുരക്ഷ, സൈനികം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിഭാഗങ്ങളെ ഈ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ കമ്പനികളും സാധാരണ പോലെ പ്രവര്‍ത്തിക്കും.

ദോഹ: ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്ന ഖത്തറില്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും സ്‍കൂളുകളുടെയും പ്രവൃത്തി സമയത്തിലും മാറ്റം വരുത്തി. ലോകകപ്പ് സമയത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് കഴിഞ്ഞയാഴ്ച ചേര്‍ന്ന ക്യാബിനറ്റ് ഇത്തരമൊരു തീരുമാനമെടുത്തത്. നവംബര്‍ ഒന്ന് മുതല്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ 20 ശതമാനം മാത്രമേ ഓഫീസുകളില്‍ നേരിട്ട് ഹാജരാവുകയുള്ളൂ. മറ്റുള്ളവര്‍ക്ക് താമസ സ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യും. ഡിസംബര്‍ 19 വരെ ഇത്തരത്തിലായിരിക്കും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം.

ഓഫീസുകളില്‍ ഹാജരാവുന്ന ജീവനക്കാരുടെ പ്രവൃത്തി സമയമാവട്ടെ നാല് മണിക്കൂറായി കുറച്ചിട്ടുമുണ്ട്. രാവിലെ ഏഴ് മണി മുതല്‍ 11 മണി വരെയായിരിക്കും ഇവരുടെ ജോലി സമയം. സുരക്ഷ, സൈനികം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിഭാഗങ്ങളെ ഈ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ കമ്പനികളും സാധാരണ പോലെ പ്രവര്‍ത്തിക്കും.

നവംബര്‍ ഒന്ന് മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ സ്‍കൂളുകളുടെ പ്രവൃത്തി സമയവും കുറച്ചിട്ടുണ്ട്. രാവിലെ ഏഴ് മണി മുതല്‍ ഉച്ച വരെയായിരിക്കും സ്‍കൂളുകളുടെ പ്രവര്‍ത്തനം. തുടര്‍ന്ന് നവംബര്‍ 18 മുതല്‍ ഡിസംബര്‍ 22 വരെ സ്‍കൂളുകള്‍ക്ക് അവധിയായിരിക്കും. ദോഹ സീഫ്രണ്ടിലൂടെയുള്ള മെയിന്‍ കോര്‍ണിഷ് റോഡ് നവബംര്‍ ഒന്ന് മുതല്‍ അടയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇവിടെ ഫുട്‍ബോള്‍ ആരാധകര്‍ക്കുള്ള പ്രത്യേക ഫാന്‍ സോണ്‍ നിര്‍മിക്കും.

കൊവിഡിന് ശേഷം ലോകത്തു തന്നെ നടക്കാനിരിക്കുന്ന ഏറ്റവും വലിയ ആഘോഷമാക്കി ഫിഫ ലോകകപ്പ് മത്സരങ്ങളെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഖത്തര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 15 ലക്ഷത്തിലധികം പേര്‍ ഖത്തറിലെത്തുമെന്നാണ് കരുതപ്പെടുന്നത്. മത്സരങ്ങള്‍ നടക്കുന്ന സമയത്ത് ടിക്കറ്റുള്ള ഫുഡ്ബോള്‍ ആരാധകര്‍ക്ക് മാത്രമായിരിക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക. 

വിമാന യാത്ര സുഗമമാക്കാന്‍ വേണ്ടി ദോഹയിലെ പഴയ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്ന് പ്രവര്‍ത്തനം തുടങ്ങി. 2014ല്‍ ഹമദ് അന്താരാഷ്‍ട്ര വിമാനത്താവളം നിര്‍മാണം പൂര്‍ത്തിയായ ശേഷം ചെറിയ തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമായിരുന്നു ഇവിടെ നടന്നിരുന്നത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്ന് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന സമയത്ത് ദിവസവും നൂറിലധികം വിമാനങ്ങളാണ് ദോഹയിലേക്ക് ഷട്ടില്‍ സര്‍വീസ് നടത്താനൊരുങ്ങുന്നത്. 

Read also:  ഖത്തറിലേക്ക് പോകുന്നവര്‍ സൗദി അറേബ്യയും സന്ദര്‍ശിക്കണമെന്ന് മെസ്സി