ദോഹ: ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ (ജി.സി.സി) നിന്ന് പുറത്തുപോകുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഖത്തര്‍. ഇത് സംബന്ധിച്ച പ്രചരണങ്ങള്‍ വാസ്തവ വിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ലല്‍വ ബിന്‍ത് റാഷിദ് മുഹമ്മദ് അല്‍ ഖാതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം മൂന്ന് വര്‍ഷം തികയാനിരിക്കെയാണ്, ഖത്തര്‍ ഇനി ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയില്‍ തുടരില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ ഇതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2017 ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യ,  യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചത്. ഖത്തറുമായുള്ള കര, നാവിക, വ്യോമ ഗതാഗതം അവസാനിപ്പിക്കുകയും ചെയ്തു.

സഹകരണത്തിനുള്ള വേദിയായി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ മാറണമെന്നാണ് ഖത്തര്‍ ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ സഹമന്ത്രി പറഞ്ഞു. മേഖലയിലെ വെല്ലുവിളികള്‍ കണക്കിലെടുക്കുമ്പോള്‍ എക്കാലത്തുമുണ്ടായിരുന്നതിനേക്കാള്‍ ഫലപ്രദമായ രീതിയില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും അവര്‍ പറഞ്ഞു. ഖത്തറിന് പുറമെ ഒമാന്‍ കുവൈത്ത്, സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ചേരുന്നതാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍.