സൈനിക നടപടികൾ നിര്‍ത്തിവെച്ച് നിലവിലെ പ്രശ്നങ്ങൾക്ക് ചർച്ചകളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പരിഹാരം കാണണമെന്ന് ഖത്തര്‍.
ദോഹ: യുഎസിന്റെ നേതൃത്വത്തിൽ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിന് പിന്നാലെ മേഖലയിലെ സ്ഥിതിഗതികൾ വഷളായതിൽ ആശങ്ക പ്രകടിപ്പിച്ച് ഖത്തർ. സഹോദര രാജ്യമായ ഇറാനിൽ ആക്രമണങ്ങളെത്തുടർന്നുള്ള സംഭവവികാസങ്ങൾ ആശങ്കയോടെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഖത്തർ അറിയിച്ചു.
എല്ലാ സൈനിക നടപടികളും നിർത്തിവെച്ച്, നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചർച്ചകളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പരിഹാരം കാണണമെന്ന് ഖത്തർ ഊന്നിപ്പറഞ്ഞു. മേഖലയിൽ നിലവിലുള്ള സംഘർഷാവസ്ഥ പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. എല്ലാ കക്ഷികളും വിവേകവും ആത്മനിയന്ത്രണവും പാലിക്കുമെന്നും സംഘർഷം മൂലം ദുരിതമനുഭവിക്കേണ്ടിവരുന്ന മേഖലയിലെ ജനങ്ങൾക്ക് താങ്ങാനാവാത്തവിധം കൂടുതൽ സംഘർഷങ്ങളുണ്ടാകുന്നത് ഒഴിവാക്കുമെന്നും പ്രതീക്ഷിക്കുന്നതായി മന്ത്രാലയം അറിയിച്ചു. മേഖലയിലെ സമാധാനവും സ്ഥിരതയും ഏകീകരിക്കുന്നതിന് സമാധാനപരമായ മാർഗങ്ങളിലൂടെ തർക്കങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള എല്ലാ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങൾക്കും ഖത്തറിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും മന്ത്രാലയം ആവർത്തിച്ചു.
