ഖത്തർ ജനറൽ ടാക്സ് അതോറിറ്റി പുതിയ 'ടാക്സ് വെയർഹൗസ്' സേവനം ആരംഭിച്ചു. ഈ സംവിധാനം വഴി, എക്സൈസ് നികുതി മുൻകൂട്ടി അടയ്ക്കാതെ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും സംഭരിക്കാനും സാധിക്കും, ഇത് കമ്പനികളുടെ പണലഭ്യത വർദ്ധിപ്പിക്കാൻ സഹായിക്കും.

ദോഹ: രാജ്യത്തെ വ്യാപാര മേഖലയ്ക്ക് പിന്തുണയേകി പുതിയ 'ടാക്സ് വെയർഹൗസ്' സേവനവുമായി ഖത്തർ ജനറൽ ടാക്സ് അതോറിറ്റി. എക്സൈസ് നികുതി പരിധിയിൽ വരുന്ന ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന കമ്പനികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ പുതിയ തീരുമാനം.

പുതിയ സംവിധാനം നിലവിൽ വന്നതോടെ, എക്സൈസ് തീരുവ മുൻകൂട്ടി അടയ്ക്കാതെ തന്നെ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും അവ ഗോഡൗണുകളിൽ സൂക്ഷിക്കാനും കമ്പനികൾക്ക് സാധിക്കും. ഉൽപ്പന്നങ്ങൾ വിപണിയിലേക്ക് വിൽപ്പനക്കായി എ​ത്തു​മ്പോൾ മാത്രം നികുതി നൽകിയാൽ മതിയാകും. 'ടാക്സ് സസ്പെൻഷൻ' എന്ന ഈ രീതി വഴി തീ​രു​വ അ​ട​ക്കു​ന്ന​തി​ൽ ല​ഭി​ക്കു​ന്ന ഇ​ള​വ് ക​മ്പ​നി​ക​ളു​ടെ കൈവശം പ​ണ​ല​ഭ്യ​ത വ​ർ​ധി​പ്പി​ക്കാ​ൻ സഹായിക്കും.

നിലവിലുള്ള അംഗീകൃത കസ്റ്റംസ് വെയർഹൗസുകളെ പ്രത്യേകം ലൈസൻസുകൾ ഇല്ലാതെ തന്നെ ടാക്സ് വെയർഹൗസുകളായി പരിഗണിക്കും. നികുതി റീഫണ്ട് നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. കോർപ്പറേറ്റ് ലോണുകളുടെ വാ​യ്പ, പ​ലി​ശ തി​രി​ച്ച​ട​വു​ക​ൾക്ക്‌ മൂന്ന് മാസത്തെ സാവകാശം നൽകാനുള്ള ഖത്തർ സെൻട്രൽ ബാങ്കിന്റെ തീരുമാനത്തിന് പിന്നാലെയാണ് ടാക്സ് അതോറിറ്റിയുടെ ഈ പ്രഖ്യാപനം. നിലവിലെ സാമ്പത്തിക സാഹചര്യങ്ങളിൽ ചെറുകിട-വൻകിട വ്യവസായങ്ങൾക്ക് വലിയ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിഷ്കാരം നടപ്പിലാക്കുന്നത്. ഇതിലൂടെ രാജ്യത്തെ വ്യാപാര അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.