ദോഹ: ഖത്തറില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. 263 പേര്‍ക്കെതിരെയാണ് വിവിധ നിയമലംഘനങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസം നടപടിയെടുത്തത്.

പൊതുസ്ഥലങ്ങളില്‍ മാസ്‍ക് ധരിക്കാത്തതിനാണ് 256 പേരെ പിടികൂടിയത്. വാഹനത്തില്‍ അനുവദനീയമായതില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്‍തവര്‍ക്കെതിരെയും നടപടിയെടുത്തു. ഒരേ കുടുംബത്തിലെ അംഗങ്ങള്‍ അല്ലെങ്കില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് ഒരു കാറില്‍ സഞ്ചരിക്കാന്‍ അനുമതിയുള്ളത്. സാമൂഹിക അകലം പാലിക്കാത്തതിന് അഞ്ച് പേര്‍ക്കെതിരെയും ക്വാറന്റീന്‍ നിബന്ധന ലംഘിച്ചതിന് ഒരാള്‍ക്കെതിരെയും നടപടിയെടുത്തു. ഇതുവരെയുള്ള പരിശോധനകളില്‍ പിടിയിലായ ആയിരക്കണക്കിന് പേര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. രാജ്യത്തെ കൊവിഡ് വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന് നിര്‍ദേശിച്ചിട്ടുള്ള എല്ലാ മുന്‍കരുതലുകളും കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.