മേഖലയിൽ ഒമാനിലും സൗദി അറേബ്യയിലുമാണ് ഉയർന്ന തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത്. ഒമാനിൽ 3.6 ശതമാനവും സൗദി അറേബ്യയിൽ 3.5 ശതമാനവുമാണ്.
ദോഹ: ജിസിസി രാജ്യങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവ് ഖത്തറിൽ. ജിസിസി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ (ജി.സി.സി-സ്റ്റാറ്റ്) പുറത്തിറക്കിയ 2024 ലെ രണ്ടാം പാദത്തിലെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഖത്തറിൽ തൊഴിലില്ലായ്മ നിരക്ക് കേവലം 0.1 ശതമാനമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതായത്, തൊഴിൽ കാര്യക്ഷമതയിൽ 99.9 ശതമാനത്തോളമാണ് ഖത്തറിന്റെ നേട്ടം. ജി.സി.സിയിൽ ഏറ്റവും കൂടുതൽ പ്രവാസി തൊഴിലാളികളുള്ള രാജ്യങ്ങളിൽ ഒന്നായ ഖത്തറിലെ 84.5 ശതമാനം തൊഴിലാളികളും പ്രവാസികളാണെന്നും റിപ്പോർട്ടിലുണ്ട്.
മേഖലയിൽ ഒമാനിലും സൗദി അറേബ്യയിലുമാണ് ഉയർന്ന തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത്. ഒമാനിൽ 3.6 ശതമാനവും സൗദി അറേബ്യയിൽ 3.5 ശതമാനവുമാണ്. ജി.സി.സിയിൽ ആകെ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 10.8 ശതമാനവും പുരുഷന്മാരുടേത് 1.6 ശതമാനവുമാണ്. ഖത്തറിലാണ് ഏറ്റവും കുറഞ്ഞ നിരക്ക് റിപ്പോർട്ട് ചെയ്തത്. സ്ത്രീകൾക്ക് 0.4 ശതമാനവും പുരുഷന്മാർക്ക് 0.1 ശതമാനവും. ഖത്തറിൽ ഒരു വർഷത്തിലേറെയായി ഈ നിരക്ക് തന്നെ തുടരുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
2024 ലെ രണ്ടാം പാദത്തിൽ ഖത്തറിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം 2.2 ദശലക്ഷത്തിലെത്തി. ഇത് മേഖലയിലെ മൊത്തം വിദേശ തൊഴിലാളികളുടെ 8.9 ശതമാനമാണെന്നും ജി.സി.സി-എസ്.ടി.എ.ടി. ഡാറ്റ വെളിപ്പെടുത്തുന്നു. 16.9 ദശലക്ഷം വിദേശ തൊഴിലാളികൾ ജോലി ചെയ്യുന്ന സൗദി അറേബ്യയ്ക്കും കുവൈത്തിനും ഒമാനിനും പിന്നിൽ ഖത്തർ നാലാം സ്ഥാനത്താണ്. ഖത്തറിലെ വിദേശ തൊഴിലാളികളിൽ 84.5 ശതമാനം പുരുഷന്മാരും 15.5 ശതമാനം സ്ത്രീകളുമാണ്.
സ്വദേശി തൊഴിലാളികളിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അനുപാതത്തിലും ഖത്തർ മുൻപന്തിയിലാണ്. ഖത്തരി പൗരന്മാരായ തൊഴിലാളികളിൽ പുരുഷന്മാർ 58.9 ശതമാനവും സ്ത്രീകൾ 41.1 ശതമാനവുമാണുള്ളത്.
മറ്റ് ജി.സി.സി രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വിദേശ തൊഴിലാളികളെ വളരെയധികം ആശ്രയിക്കുന്നുണ്ടെങ്കിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഖത്തർ സ്ഥിരത പുലർത്തുന്നതായി റിപ്പോർട്ട് പറയുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, ജോലിസ്ഥലത്ത് സ്ത്രീകളെ ശാക്തീകരിക്കുന്നതിനും, തൊഴിൽ കമ്പോളത്തിന്റെ കാര്യക്ഷമത നിലനിർത്തുന്നതിനും രാജ്യം നടത്തുന്ന ശ്രമങ്ങളെ റിപ്പോർട്ട് പ്രത്യേകം പരാമർശിക്കുന്നു. യു.എ.ഇയിലെ ഫെഡറൽ കോംപറ്റിറ്റീവ്നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ, ബഹ്‌റൈനിലെ ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി, സൗദി അറേബ്യയിലെ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ്, ഒമാനിലെ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ, ഖത്തറിലെ നാഷണൽ പ്ലാനിങ് കൗൺസിൽ, കുവൈത്തിലെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ എന്നിവയുൾപ്പെടെ ജി.സി.സി രാജ്യങ്ങളിലെ ഔദ്യോഗിക സ്ഥിതിവിവരക്കണക്ക് ഏജൻസികളിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
