രാജ്യത്ത് ഈ ദിവസങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ ദൂരക്കാഴ്‍ച രണ്ട് കിലോമീറ്ററില്‍ താഴെയായേക്കും. 

ദോഹ: ഖത്തറില്‍ ഞായറാഴ്‍ച മുതല്‍ ഈ ആഴ്‍ച അവസാനം വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 12 മുതല്‍ 22 നോട്സ് വരെയായിരിക്കും കാറ്റിന്റെ വേഗതയെങ്കിലും ചില സമയങ്ങളില്‍ 30 നോട്സിലും കൂടിയ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് ക്യു.എം.ഡി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

രാജ്യത്ത് ഈ ദിവസങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ ദൂരക്കാഴ്‍ച രണ്ട് കിലോമീറ്ററില്‍ താഴെയായേക്കും. കാഴ്‍ച പൂര്‍ണമായും അസാധ്യമാവുന്ന തരത്തിലുള്ള പൊടിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. കടലില്‍ മൂന്ന് അടി മുതല്‍ എട്ട് അടി വരെ ഉയരത്തില്‍ തിരമാലകളുണ്ടാകും. ഇത് പരമാവധി 10 അടി വരെ ഉയരാനും സാധ്യതയുണ്ട്. അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്ന സമയത്ത് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വടക്ക്, പടിഞ്ഞാറന്‍ മേഖലകളില്‍ ചെറിയ മഴ ലഭിച്ചതായും അറിയിപ്പില്‍ പറയുന്നു.