ദോഹ: വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഒരേ സാധനങ്ങള്‍ക്ക് വ്യത്യസ്ഥ വിലകള്‍ ഈടാക്കുന്നത് സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് വിശദീകരണവുമായി ഖത്തര്‍ - വാണിജ്യ വ്യവസായ മന്ത്രാലയം. പച്ചക്കറികള്‍, പഴങ്ങള്‍, മത്സ്യം, ചില നിത്യോപയോഗ ഉത്പന്നങ്ങള്‍ എന്നിവയുടെ പരമാവധി വിലയാണ് മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നതെന്നും ഇവയല്ലാത്ത മറ്റ് സാധനങ്ങളുടെ വിലയില്‍ വിവിധ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വ്യത്യാസമുണ്ടാകുമെന്നും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

സൂപ്പര്‍മാര്‍ക്കറ്റുകളിലെ വില വ്യത്യാസം സംബന്ധിച്ചും വില നിര്‍ണയത്തില്‍ മന്ത്രാലയത്തിന്റെ ഇടപെടലുകള്‍ സംബന്ധിച്ചും നിരവധി അന്വേഷണങ്ങളും സന്ദേശങ്ങളും ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം. ചില നിത്യോപയോഗ വസ്തുക്കള്‍ക്ക് പുറമെ പച്ചക്കറികള്‍, പഴങ്ങള്‍, മീന്‍ എന്നിവയുടെ പരമാവധി വിലയാണ് മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്. മറ്റ് സാധനങ്ങളുടെ കാര്യത്തില്‍ ഓരോ സൂപ്പര്‍മാര്‍ക്കറ്റുകളിലും വില വ്യത്യാസമുണ്ടാകും. വിലയും സാധനങ്ങളുടെ ഗുണനിലവാരവും താരതമ്യം ചെയ്ത് ഉപഭോക്താക്കള്‍ ഉചിതമായ തീരുമാനമെടുക്കുകയാണ് വേണ്ടതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. വാണിജ്യ - വ്യവസായ മന്ത്രാലയം വില നിശ്ചയിച്ചിരിക്കുന്ന സാധനങ്ങളുടെ വില വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. നിയമലംഘനങ്ങള്‍ അറിയിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും 16001 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നും അറിയിച്ചിട്ടുണ്ട്.